കോഴിക്കോട്: മുഖ ശസ്ത്രക്രിയാ വിദഗ്ധരുടെ (അസോസിയേഷന് ഓഫ് ഓറല്‍ ആന്റ് മാക്സില്ലോഫേഷ്യല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ) 18ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട്ടെ ഹോട്ടല്‍ ട്രൈപെന്റയില്‍ 15,16 തിയതികളില്‍ നടക്കുമെന്ന് കോണ്‍ഫറന്‍സ് ചെയര്മാന് ഡോ. ഉമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശില്പശാലകള് നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള ഈ മേഖലയിലെ വിദഗ്ധരുടെ പ്രബന്ധങ്ങളും ചര്‍ച്ചകളും നടക്കും. 15ന് വൈകുന്നേരം ആറ് മണിക്ക് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ ദേശീയ പ്രസിഡന്റ് ഡോ.മഞ്ജുനാഥ് റായ്, സെക്രട്ടറി ഡോ.ഗിരീഷ് റാവു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
മുഖവൈരൂപ്യ നിവാരണ ശസ്ത്രക്രിയയും മുഖത്ത് താടിയെല്ലുകള്‍ക്കും അപകടമൂലം ഉണ്ടായേക്കാവുന്ന പരുക്കുകളുടെ ചികിത്സയും വായിലേയും മുഖത്തേയും അര്‍ബുദ രോഗങ്ങളുടെ ചികിത്സയും നടത്തുന്ന ശാഖയാണ് ഈ ശസ്ത്രക്രിയ വിഭാഗം. റോഡ് സുരക്ഷാ നിയമങ്ങള്‍ അനുസരിക്കാതെയും ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗംകൊണ്ടും റോഡപകടങ്ങള്‍ കൂടിവരുന്നുണ്ടെന്ന് വിവിധ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടന നടത്തും.
കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ.മനോജ്കുമാര്‍ കെ.പി (പ്രിന്‍സിപ്പാള്‍, കെ.എം.സി.ടി കോളേജ്), എ.ഒ.എം.എസ്.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് എഡ്വേര്‍ഡ്, സെക്രട്ടറി ഡോ. അഖിലേഷ് പ്രതാപ്, കോഴിക്കോട് ഗവ.ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സൗമിത്രന്‍ സി.എസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.