അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും

അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും

കോഴിക്കോട്: അന്താരാഷ്ട്ര സര്‍വകലാശാല മേധാവികളുടെ ആഗോള കാലാവസ്ഥ ഉച്ചകോടി ഒക്ടോബര്‍ 17ന് മര്‍ക്കസ് നോളജ് സിറ്റിയില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് അധ്യക്ഷന്‍ ഡോ: ഉസാമ മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷനാകും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗും കോഴിക്കോട് ആസ്ഥാനമായ ജാമിഅ മര്‍കസും സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിപുലമായ സംഗമത്തിന് കേരളം ഇതാദ്യമായാണ് വേദിയാകുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുസ്സലാം മുഹമ്മദ് (സി.ഇ.ഒ, മര്‍കസ് നോളജ് സിറ്റി) പറഞ്ഞു.

മര്‍കസ് നോളജ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സര്‍വകലാശാലകളില്‍ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളില്‍ എട്ടു സെഷനുകളായി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ സര്‍വകലാശാല മേധാവികളും പരിസ്ഥിതി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടിത്തങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ വിപുലമായ പ്രദര്‍ശനവും സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഏഷ്യ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ വന്‍കരകളില്‍ നിന്നുള്ള ഇരുന്നൂറിലധികം സര്‍വകലാശാലകളുടെ കൂട്ടായ്മയാണ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ലീഗ്, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകള്‍ പ്രഖ്യാപിക്കുന്ന മലബാര്‍ ക്ലൈമറ്റ് ആക്ഷന്‍ ഡിക്ലറേഷന്‍ സമ്മിറ്റ് പുറത്തിറക്കും. പാഠ്യപദ്ധതികള്‍, സാമൂഹിക ഇടപെടലുകള്‍, നിയമനിര്‍മാണം തുടങ്ങിയവയിലൂടെ, പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ക്ലേശങ്ങളെ ശാസ്ത്രീയവും പ്രായോഗികവുമായി മറികടക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് മലബാര്‍ ക്ലൈമറ്റ് ഡിക്ലറേഷന്‍ -2022 മുന്നോട്ടുവയ്ക്കുന്നത്. ഭരണകൂടങ്ങളും സമൂഹവും സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള മാര്‍ഗരേഖയായി ഈ പ്രഖ്യാപനം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മിറ്റിനോടനുബന്ധിച്ച് വിവിധ പ്രീ സമ്മിറ്റ് പരിപാടികള്‍ പൂര്‍ത്തിയാവുകയും മര്‍കസ് സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളിലേക്ക് പരിസ്ഥിതി സൗഹൃദ ജീവിത സന്ദേശം കൈമാറിയിട്ടുണ്ട്. സമ്മിറ്റിന്റെ ഭാഗമായി തുടക്കമിട്ട വനവല്‍ക്കരണം ക്യാംപയിന്‍ നൂറ് ഏക്കറില്‍ നടപ്പാക്കും. വിദ്യാലയങ്ങള്‍, വഖഫ് ഭൂമികള്‍, സ്വകാര്യ സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ കുറഞ്ഞത് ഒരു സെന്റ് ഭൂമിയെങ്കിലും വനവല്‍ക്കരണം നടപ്പാക്കിയാകും പദ്ധതി പൂര്‍ത്തിയാക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ ഹകിം അസ്ഹരി (മാനേജിങ് ഡയറക്ടര്‍, മര്‍കസ് നോളജ് സിറ്റി), ഡോ താഷി ദാവാ ഗെല്ലക്, യു.എസ്.എ (കോര്‍ഡിനേറ്റര്‍, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ്), ഡോ. അമീര്‍ ഹസന്‍ (കണ്‍വീനര്‍, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ്), അഡ്വ.സി സമദ് (മാധ്യമ വക്താവ്, മര്‍കസ് നോളജ് സിറ്റി) പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *