നോര്‍ത്ത് ആപ്റ്റണ്: യു.കെയുടെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട്ടുകാര്‍ നമ്മുടെ കോഴിക്കോട് എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചു. സംഗമം സാഹിത്യകാരന് എം.എന്‍ കാരശ്ശേരി മാഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തെപ്പറ്റിയും ആളുകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
മാഞ്ചസ്റ്റര്‍, സ്കോര്‍ട്ട്ലാന്‍ഡ്, ലിവര്‍പൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളായ കോഴിക്കോട്ടുകാരുടെ സംഗമത്തില്‍ അറുനൂറോളം പേര് പങ്കെടുത്തു. കോഴിക്കോടിന്റെ രുചി ഒപ്പുന്ന കോഴിക്കോടന്‍ പലഹാരങ്ങളും ബിരിയാണിയും പാനീയങ്ങളും സംസ്കാര തനിമയുടെ മാപ്പിളപ്പാട്ടും നൃത്തരൂപങ്ങളും ആര്‍പ്പുവിളിക്കാന്‍ വടം വലിയും സംഗമത്തില്‍ ക്രമീകരിച്ചിരുന്നു. എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്, കോഴിക്കോട് മേയര്‍ ഡോ.ബീനാ ഫിലിപ്, സുരഭി, വിനോദ് കോവൂര്‍ എന്നിവര്‍ ഈ കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ സന്ദേശം അയച്ചു.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴു മണിവരെ നീണ്ടുനിന്ന സംഗമത്തിനു പിന്നില്‍ ഡോ.റിയാസ്, ഡെല്‍ബര്‍ട്ട് മാണി, അസീസ് അക്വിബ് തുടങ്ങി ഇരുപതോളം വ്യക്തികളാണുള്ളത്. കോഴിക്കോട്ടെ നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളും മറ്റും ഭാവിയില്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് കേളോത്ത് പറഞ്ഞു. സംഗമത്തിന് മുഹമ്മദ് കേളോത്ത് സ്വാഗതവും ഡോ. മിഥുന് നന്ദിയും പറഞ്ഞു.