കേരള പ്രവാസിസംഘം; ജില്ലയില്‍ ഒരു ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും

കേരള പ്രവാസിസംഘം; ജില്ലയില്‍ ഒരു ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും

കോഴിക്കോട്: കേരള പ്രവാസിസംഘത്തിന്റെ അംഗത്വം ജില്ലയില്‍ ഒരു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് പ്രവാസിസംഘം ഓഫിസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ സംഘത്തിന്റെ 1000 യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കാനും യോഗം തീരുമാനിച്ചു. 2023 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവാസിസംഘം സ്ഥാപകദിനമായ 19ന് ആരംഭിച്ച് ഡിസംബര്‍ 31ന് അവസാനിപ്പിക്കും. സ്വദേശിവല്‍ക്കരണവും കൊവിഡും സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയില്‍പെട്ട് ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴില്‍രഹിതരാണ്.

ഇത്തരത്തില്‍ തിരിച്ചെത്തിയ പ്രവാസികളെ സംഘടനയുടെ ഭാഗമാക്കി മാറ്റി സംസ്ഥാന സര്‍ക്കാര്‍ സഹകരത്തോടെ പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് അംഗത്വം വര്‍ധിപ്പിക്കുന്നത്. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവിഹിതം അനുവദിക്കുക, നിര്‍ത്തലാക്കിയ പ്രവാസികാര്യവകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 2023 ഫെബ്രുവരി 15ന് നടത്താന്‍ തീരുമാനിച്ച പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി നവംബര്‍ 15ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നവംബര്‍ ആറിന് കാസര്‍കോട് നിന്നാരംഭിച്ച് 14ന് തിരുവനന്തപുരത്ത് സമാപിക്കുന്ന സംസ്ഥാന ജാഥ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുല്‍ഖാദര്‍ ക്യാപ്റ്റനും , പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസ് വൈ.ക്യാപ്റ്റനും , ട്രഷറര്‍ ബാദുഷ കടലുണ്ടി മാനേജരുമായ ജാഥാ നവംബര്‍ എട്ടിന് ജില്ലയില്‍ പ്രവേശിക്കും.

വടകര , പേരാമ്പ്ര , കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി.ലില്ലീസ്, ട്രഷറര്‍ ബാദുഷ കടലുണ്ടി, വൈ.പ്രസിഡന്റ് ഷാഫിജ പുലാക്കല്‍, ജില്ലാ സെക്രട്ടറി സി.വി ഇഖ്ബാല്‍ , സംസ്ഥാനകമ്മിറ്റി അംഗം സലിം മണാട്ട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോ.സെക്രട്ടറി ടി.പി ഷിജിത്ത് സ്വാഗതവും ഷംസീര്‍ കാവില്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *