കൊളത്തൂര്‍ : കൊളത്തൂര്‍ അദ്വൈതാശ്രമവാസിക്ക് കോവിഡ് ബാധയുണ്ടായി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ആശ്രമം അറിയിച്ചു. അദ്വൈതാശ്രമവാസിക്ക് കോവിഡ് ബാധയുണ്ടായി എന്ന അറിയിപ്പ് പി.ആര്‍.ഡി നല്‍കിയതായി അറിയുന്ന സാഹചര്യത്തിലാണ് വിശദീകരണക്കുറിപ്പ് ഇറക്കുന്നതെന്ന് സ്വാമിചിദാനന്ദപുരി പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജനത കര്‍ഫ്യൂ മുതല്‍ തന്നെ ആശ്രമത്തിലേക്ക് സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നില്ല. പുറത്ത് നിന്നുള്ളവരെ ആശ്രമത്തില്‍ താമസിപ്പിക്കുന്നില്ല. ഗുജറാത്തില്‍ നിന്നും ആരും ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇന്‍ഫര്‍മേഷന്‍ കുറിപ്പില്‍ പറയുന്ന വ്യക്തി ആശ്രമത്തില്‍ എത്തിയിട്ടില്ല. പ്രസ്തുത വ്യക്തിയെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹം റഫറന്‍സ് അഡ്രസ്സായി ആശ്രമത്തിന്റെ പേര് നല്‍കുക മാത്രമാണ് ചെയ്തത്. ആശ്രമത്തില്‍ വരുന്ന ചുരുക്കം പേരുടെ അഡ്രസ്സും ഫോണ്‍ നമ്പരും സൂക്ഷിക്കുന്നുണ്ട്. ഇതിലെവിടെയും ഇദ്ദേഹത്തിന്റെ പേരോ, നമ്പറുകളോ ഇല്ല. സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ തെറ്റായ വിവരം ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത് ശരിയായില്ലെന്നും ചിദാനന്ദപുരിസ്വാമി പറഞ്ഞു.