യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ തിരുവമ്പാടി സ്വദേശികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ തിരുവമ്പാടി സ്വദേശികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

തിരുവാമ്പാടി: പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലിസ് തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്റ് ചെയ്തു.
പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ പരപ്പനങ്ങാടി പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചതും ഈ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പോലിസ് കണ്ടെത്തി.

മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാന്‍ഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസിം (27), താനൂര്‍ കാട്ടിലങ്ങാടി കളത്തിങ്ങല്‍ തഫ്‌സീര്‍ (27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയില്‍ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയ പറമ്പ്‌വലിയ പീടിയേക്കല്‍ മുഹമ്മദ് ആരിഫ് (28), താമരശേരി തച്ചാംപൊയില്‍ പുത്തന്‍ തെരുവില്‍ ഷാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ ഹണി.കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

താനൂര്‍ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോര്‍ച്യുണര്‍ കാറില്‍ നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതികള്‍ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വര്‍ണം ഇസഹാഖ് കാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തെന്നും സ്വര്‍ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം പ്രതികള്‍ക്ക് തിരികെ നല്‍കാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്ഹാഖ് സ്വര്‍ണക്കവര്‍ച്ച കേസിലും യ്യോളി പോലീസ് സ്റ്റേഷനിലെ കവര്‍ച്ച കേസിലും പ്രതിയാണ്. ഇയാള്‍ താനൂര്‍ പോലിസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ളയായുമാണ്. പരപ്പനങ്ങാടി പോലിസ് മോചിപ്പിച്ചു കൊണ്ടുവന്ന ഇസ്ഹാഖിനെ പയ്യോളി കേസില്‍ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്.ഐ നവീന്‍ ഷാജ്, പരമേശ്വരന്‍, അനില്‍, മുജീബ്, രഞ്ചിത്ത്, ഡാന്‍സാഫ്, ടീമംഗങ്ങളായ വിപിന്‍, അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, സബറുദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലിസ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *