കോഴിക്കോട്: കാഴ്ചയ്ക്ക് മനോഹരമായതും പ്രകൃതിയോടിണങ്ങുന്നതുമായ മുളകൊണ്ടുള്ള ഉപകരണങ്ങളാണ് മലബാര്‍ ക്രാഫ്റ്റ് മേളയിലെ പ്രധാന സവിശേഷത. മുളകൊണ്ടുള്ള വസ്തുക്കളുമായി മേളയിലെത്തിയിരിക്കുകയാണ് അസമില്‍ നിന്നുള്ള ഫുക്കുന്‍ ദാസ്. ഫുക്കുന്‍ ദാസിന്റെ മുള വൈദഗ്ധ്യത്തിന് അഞ്ചു പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്.
അസമിലെ നല്‍ബേരിയില്‍ നിന്നാണ് സ്വപ്‌ന നഗരിയില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ ഫുക്കുന്‍ദാസ് എത്തുന്നത്. മുളയും ചൂരലും കൊണ്ടുള്ള ഉപകരണങ്ങളുടെ മനോഹരമായ കളക്ഷനാണ് സ്റ്റാളിലുള്ളത്. കസേര, കൊട്ട, ഫ്രൂട്ട് ബാസ്‌ക്കറ്റ്, ലാമ്പ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങി നിരവധി മുള ഉല്‍പ്പന്നങ്ങളാണ് ഇവിടെയുള്ളത്. 150 രൂപയ്ക്ക് മുള കൊണ്ടുള്ള ഒരു ഗ്ലാസ് ലഭിക്കും. 100 രൂപ മുതലാണ് കുട്ടയുടെ വില. കസേരക്ക് വില വരുന്നത് 4,500 രൂപയാണ്. 1970കളിലാണ് മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതെന്ന് ഫുക്കുന്‍ദാസ് പറയുന്നു. ഗ്രാമത്തിലെ പരമ്പരാഗതമായ തൊഴിലായിരുന്നു ഇത്. ഇപ്പോള്‍ 65 വയസ്സുണ്ട്. ഇന്നും ഈ തൊഴില്‍ തുടരുന്നു.