കോഴിക്കോട്: പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരേയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജില്ലാ കോടതിയാണ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ.പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന് ഇരിക്കൂര്‍, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവര്‍ത്തകരാണ് അറസ്റ്റിലായിരുന്നത്. അതില്‍ നാലുപേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം 26നായിരുന്നു പ്രൊവിഡന്‍സ് സ്കൂളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ചു പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു. പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്ന വിദ്യാര്‍ഥിനിക്കാണ് ഹിജാബ് ധരിക്കാന്‍ അനുമതി നിഷേധിച്ചത്. യൂണിഫോമില്‍ ശിരോവസ്ത്രം ഉള്‍പ്പെടുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദം. തുടര്‍ന്ന് പെണ്‍കുട്ടി സ്കൂളില്‍ നിന്ന് ടിസി വാങ്ങിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പെണ്‍കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയിരുന്നു.