കോഴിക്കോട്: കേളപ്പജിക്ക് പുതിയ അവകാശികളുണ്ടാകുന്നുണ്ടെന്നും കേരള സര്‍വ്വോദയ മണ്ഡലം പ്രവര്‍ത്തകര്‍ കേളപ്പജിയുടെ ദര്‍ശനങ്ങള്‍ ചങ്കൂറ്റത്തോടെ സമൂഹത്തിന് പകര്‍ന്ന് നല്‍കണമെന്നും കേരള സര്‍വ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍ പറഞ്ഞു. കേളപ്പജിയുടെ 51ാം ചരമവാര്‍ഷിക ദിനത്തില്‍ നടക്കാവിലെ കേളപ്പജിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയും കേളപ്പജിയും തങ്ങള്‍ക്ക് വേണ്ടിയല്ലാതെ സമൂഹത്തിന് വേണ്ടി ജീവിച്ചവരാണ്. കോടിക്കണക്കിന് രൂപ സമ്പാദിക്കാവുന്ന സാമൂഹിക സാഹചര്യത്തില്‍ ജീവിച്ചപ്പോഴും അവര്‍ ബാക്കിവച്ചത് തങ്ങളുടെ ദര്‍ശനങ്ങളും പുസ്തകങ്ങളും നിത്യനിദാന വസ്തുക്കളുമായിരുന്നു. ഹരിജനങ്ങള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി കേളപ്പജി സ്വജീവിതം മാറ്റിവച്ചു. തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു.
ഐക്യ കേരളമെന്ന സങ്കല്‍പ്പത്തിന് പകരം പശ്ചിമതീര സംസ്ഥാനമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് ഫലപ്രദമല്ലെന്ന് വ്യക്തമായതോടെ കേളപ്പജിയുടെ കാഴ്ചപ്പാടിന് തിളക്കം കൂടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈപാര്‍ക്കിന് കേളപ്പജിയുടെ നാമധേയം നല്‍കണമെന്ന സംഘടനയുടെ നിരന്തര ആവശ്യം ഇതുവരേയും കോര്‍പറേഷന്‍ അധികൃതര്‍ പരിഗണിച്ചിട്ടില്ല. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഇയ്യച്ചേരി പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.രാമചന്ദ്രന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ തറവാട് ബാലകൃഷ്ണന്‍, പി.പി ഉണ്ണികൃഷ്ണന്‍, സി.പി.ഐ പൂനൂര്‍, പുരുഷോത്തമന്‍ നന്മണ്ട എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ശിവാനന്ദന്‍ നന്ദി പറഞ്ഞു.