ഭിന്നശേഷിക്കാരായ ജീവനക്കാരെയും തൊഴില്‍ദാതാക്കളെയും ആദരിക്കും: യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ സര്‍ഗവേദി ‘മടിത്തട്ട്’ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും

ഭിന്നശേഷിക്കാരായ ജീവനക്കാരെയും തൊഴില്‍ദാതാക്കളെയും ആദരിക്കും: യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ സര്‍ഗവേദി ‘മടിത്തട്ട്’ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഭിന്നശേഷിക്കാരായ ജീവനക്കാരേയും അവര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദാതാക്കളേയും ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു ആദരിക്കും. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്റെ യു.എല്‍ കെയര്‍ നായനാര്‍ സദനത്തിലെ ട്രെയിനികളും തൊഴില്‍ നേടിയവരുമായ ഭിന്നശേഷിക്കാരായ ജീവനക്കാരെയാണ് ആദരിക്കുക. എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ നാളെ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍, സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഷുജ എസ്.വൈ, നബാര്‍ഡ് കോഴിക്കോട്-മലപ്പുറം ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷി ജീവനക്കാരുടേയും രക്ഷിതാക്കളുടെയും തൊഴില്‍ ദാതാക്കളുടേയും അനുഭവവിവരണവും ഉണ്ടായിരിക്കും.

ചടങ്ങിന് മുന്‍പായി യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ കോഴിക്കോട് കാരപ്പറമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ആരംഭിക്കുന്ന സര്‍ഗവേദി ‘മടിത്തട്ട്’ മന്ത്രി നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോഴിക്കോട് എം.പി എം.കെ രാഘവന്‍, കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ.ടി.എല്‍ റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. സാഹിത്യകാരന്‍ എം. മുകുന്ദന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍, വാഗ്ഭടാനന്ദ ട്രസ്റ്റ് എന്നീ സാമൂഹികസംഘടനകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ നഗരാധിഷ്ടിത വയോജന വിഭവകേന്ദ്രം പ്രവര്‍ത്തിക്കുക. യു.എല്‍.സി.സി.എസ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ. എം.കെ. ജയരാജ് പദ്ധതിയെക്കുറിച്ചു വിശദീകരിക്കും.

കോഴിക്കോട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി രാജേഷ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഷ്റഫ് കാവില്‍, ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ബി. സുധ, ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡന്റ് പി.വി കുമാരന്‍ മാസ്റ്റര്‍, വാഗ്ഭടാനന്ദ ട്രസ്റ്റ് ട്രസ്റ്റീ കെ.എസ് വെങ്കിടാചലം, നായനാര്‍ ബാലികാസദനം സെക്രട്ടറി പ്രൊഫ. സി.കെ ഹരീന്ദ്രനാഥ്, കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ. മിലി മോനി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, മാനേജിങ് ഡയരക്ടര്‍ ഷാജു എസ്. തുടങ്ങിയവര്‍ സംസാരിക്കും.

ശാസ്ത്രീയവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അവരുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വയോജനങ്ങളുടെ ശാരീരിക-മാനസിക-വൈകാരിക സുസ്ഥിതിയും ഗുണപരവും സുസ്ഥിരവുമായ ജീവിതവും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാണ് മടിത്തട്ട് വിഭാവനം ചെയ്യുന്നത്. പുതിയതായി ആരംഭിക്കുന്ന കേന്ദ്രത്തില്‍ മെമ്മറി ക്ലിനിക് സേവനം ലഭ്യമാണ്. കൂടാതെ യോഗ പരിശീലനം, ഫിസിയോ തെറാപ്പി യൂണിറ്റ്, വാതില്‍പ്പടി സേവനം, മൊബൈല്‍ ക്ലിനിക് എന്നിവയും സമീപഭാവിയില്‍ കേന്ദ്രത്തില്‍ ആരംഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *