മീന്‍കാരന്റെ മകള്‍

മീന്‍കാരന്റെ മകള്‍

മോളേ…
എന്താ വാപ്പാ.
ണ്ട

വാപ്പാക്ക് വയസ്സായി മോളെ.

ന്റെ വാപ്പാക്ക് വയസ്സായീന്ന് ആരാ പറഞ്ഞത് ?

ആയി മോളെ. വാപ്പാക്ക് വയസ്സായില്ലന്ന് മോള്‍ക്ക് തോന്നുന്നത് മോള്‍ക്ക് വാപ്പാനോടുള്ള ഇഷ്ടം കൊണ്ടാ. ന്റെ മോളെ ഒരുത്തന്റെ കൈയില്‍ ഏല്പിച്ച് കൊടുത്തിട്ട് വേണം ഈ വാപ്പാക്ക് കണ്ണടക്കാന്‍.

വാപ്പാ… വാപ്പ മരിക്കാന്‍ പോവ്വാണോ?

ദുനിയാവില് ഞമ്മള് വിരുന്ന് വന്നോരല്ലേ മോളെ. ഒരു മടക്കം വേണ്ടേ. ഓരോരുത്തരും അവരവരുടെ കുഴിയിലേക്ക് ഓരോ ദിവസവും നടന്നോണ്ടിരിക്കയല്ലേ. വാപ്പാക്ക് ഇനി കുറച്ച് ദൂരേ ഉള്ളൂ മണ്ണായിത്തീരാന്‍.

വാപ്പ എന്തൊക്കെയാണ് ഈ പറയുന്നത് ? വാപ്പാക്ക് എന്ത് പറ്റി ?

ഒന്നും പറ്റിയിട്ടല്ല മോളെ. ഈയിടെ ആയി വാപ്പാന്റെ ഖല്‍ബില്‍ ഒരാളല്. മോളേ… ഞമ്മള് രണ്ടാളും പണ്ട് ആസ്പത്രീല് പോയത് ഓര്‍ക്കുന്നുണ്ടോ മോള്?
ഉണ്ട് വാപ്പാ.

എന്തിനേനും പോയത്?

ഓപ്പറേഷന്‍ കഴിഞ്ഞ് കിടന്ന ചെക്കനാജീനെ കാണാന്‍.

ആ.അത് തന്നെ. മോള് മറന്നിട്ടില്ല. ചെക്കനാജി ആരാന്നറിയോ മോള്‍ക്ക് ?

വാപ്പ തന്നെ പറ.

വാപ്പ തന്നെ പറയാം. ഹാജിയാര് നാട്ടിലെ വലിയ ആളാ. മൂപ്പരെ സമ്മതമില്ലാതെ ഒരൊറ്റ പരുന്തിനും ആകാശത്തിലൂടെ പറക്കാന്‍ കഴിയൂല്ല മോളേ. അതാ മൊതല്. ഒരു മോനുണ്ട് ഇസ്മാഈല്. മോള് എത്രേലാ പഠിക്കുന്നത് എന്നും ചോദിച്ച് ഒരു വാല്യക്കാരന്‍ മൊഞ്ചനെ മോള് കണ്ടില്ലേനൊ ഓനാ ഇസ്മാഈല്. ഞമ്മള് പോരാന്‍ നേരം ചെക്കനാജിന്റെ ചെവിട്ടില്‍ ഒരു കാര്യം പറഞ്ഞീരുന്നു .

എന്ത് വാപ്പാ …?

ഞമ്മക്ക് ഇതങ്ങ് നടത്തിക്കൂടേന്ന്. ന്റെ മോളെ ഓരിക്ക് പെരുത്ത് ഇഷ്ടായീന്ന്.

വാപ്പാ…വാപ്പ പറേന്നത് എനിക്ക് മനസ്സിലാവുന്നില്ല.

മോളേ ഇസ്മാഈലിന് ദുബായിലാ ബിസിനസ്സ്. അവിടെ മാത്രേല്ല സിങ്കപ്പൂരിലും മലേഷ്യേലും വേറെ ഒരു രാജ്യം കൂടി പറഞ്ഞീ
നും, മറന്ന് പോയി, ഈയിടെയായി വാപ്പാക്ക് മറതി ഇച്ചിരി കൂടുതലാ…ന്റെ മോള്‍ക്ക് സമ്മതാണേല്‍ ……

എനിക്ക് ഇപ്പം കല്യാണം വേണ്ട വാപ്പാ. എനിക്ക് പഠിക്കണം.

അയിന് നിക്കാഹ് കഴിഞ്ഞാല്‍ ഓര് പഠിപ്പിക്കൂല്ലാന്ന് ആരാ മോളോട് പറഞ്ഞത് ? ഓര് വലിയ മനസ്സുള്ളോരാ. അല്ലേല്‍ ഇങ്ങനെ ഒരു ചേരലിന് ഓര് നിക്കൂല്ലാലോ.

അതെന്താവാപ്പാ? ഞമ്മക്കെന്താ ഒരു കുറവ് ?

ഞമ്മക്ക് മീന്‍ പണിയല്ലേ മോളെ. ഓര് വലിയ തറവാട്ട് കാരാ .

മീനിന് തറവാടില്ലേ വാപ്പാ?

മോള് പറേന്നത് വാപ്പാക്ക് തിരിയും. പക്ഷേങ്കില് നാട്ട്കാര്‍ക്ക് തിരിയണ്ടേ? നാട്ട്കാരെ കണ്ണില് മീന്‍കാരനും ഇറച്ചിക്കാരനും മുടിവെട്ട്കാരനും ഖബര്‍ കുഴിക്കുന്നവനും രണ്ടാം നമ്പറാ.
അതെന്താ വാപ്പാ അങ്ങനെ ?
അതാ മോളേ നാട്ടിലെ ഒരു സമ്പ്‌റദായം.

വാപ്പാ ..വാപ്പ ഒന്ന് മനസ്സിലാക്കണം .

പറ മോളെ .
ചെക്കനാജിന്റെ വാപ്പാന്റെ വാപ്പാക്ക്് എന്തേ
നും പണി ? വാപ്പ പറഞ്ഞ ഈ പണികളൊക്കെ ഒരു കാലത്ത് ചെയ്യാത്ത ഏത് വീടാ ഇന്നാട്ടിലുള്ളത് ? വാപ്പാക്ക് അറിയാലോ. ആരാ ഉള്ളത് വാപ്പാ ?

മോള് പറേന്നതൊക്കെ ശരിയാ. സമ്മതിച്ചു. പണം പടി കയറി വരുമ്പോ മീന്‍ മണം വേറെ വാതിലിലൂടെ ഇറങ്ങിപ്പോവുന്നതല്ലേ നാട്ട് നടപ്പ്. പത്തറുപത് കൊല്ലം പഴക്കമുള്ള ഈ സംഗതികളൊക്കെ മോള്‍ക്ക് ആരാ പറഞ്ഞ് തന്നത്?

ഉമ്മച്ചി പറയുന്നത് കേട്ടതാ വാപ്പാ.

ഇസ്മാഈലിനെ മോള്‍ക്ക് ഇഷ്ടാവൂന്ന് വാപ്പാക്കറിയാം. ഒരു സഭക്കില്ലേ ഓന്‍. മോള് കണ്ടതല്ലേ?

എനിക്ക് ഇപ്പം കല്യാണം വേണ്ട വാപ്പാ.

പിന്നെപ്പാ? മൂക്കില് നര വന്നിട്ടോ? മോളാന്നൊന്നും നോക്കൂല. പൊന്നിച്ച് പോറ്റിയതാ ന്റെ തെറ്റ്. എന്താ കല്യാണം വേണ്ടാത്തത് ? നോക്ക്… ഒന്നൊന്നര ഏക്കറില്‍ ഈ ഒണങ്ങിയ വെറും വയലല്ലേ ഞമ്മളെ മുന്നില്. ആളും
മനിശനും ഇല്ലാത്ത ഒരു റോഡും. ഇതല്ലല്ലോ മോളേ ലോകം. ഇസ്മാഈലിന്റെ കൂടെ ലോകം ചുറ്റിക്കൂടേ ന്റെ മോള്‍ക്ക് .

വാപ്പാ… വാപ്പാന്റെ വിയര്‍പ്പിന്റെ ഫലമല്ലേ ഇക്കണ്ട വയലും ഈ വീടും. എനിക്ക് ഈ വയല് മതി വാപ്പാ.

ങ്ങേ…മോളേന്താ പറഞ്ഞത്…?

ആ വാപ്പാ. ഈ വയലും കിളികളും മതി.
പൂമ്പാറ്റകളും പൂക്കളും മതി. ഇതും ഒരു വലിയ ലോകമല്ലേ വാപ്പാ! വാപ്പാക്ക് എന്റെ സന്തോഷാണോ അതല്ല കണ്ണീരാണോ വലുത് ?

അതെന്താ അങ്ങനെ ചോദിച്ചത് ?

വാപ്പാക്ക് മിണ്ടാനും പറയാനും വിഷയങ്ങള്‍ വേണമെങ്കില്‍ വാപ്പാക്ക് വാപ്പാന്റെ തൂക്കത്തില്‍ ഒരിടം വേണ്ടേ?
വാപ്പ ആരെ മുമ്പിലും ചെറുതാവുന്നത് എനിക്ക് ഇഷ്ടല്ല. ചെക്കനാജീന്റെ കോലായീല് വാപ്പാക്ക് കസേര നീക്കിയിട്ട് തന്നാല്‍ വാപ്പ ഇരിക്കോ? പറ വാപ്പാ. ചേരുംപടി ചേരാതിരിക്കുമ്പോള്‍ വാപ്പാക്ക് ഇരിക്കണൊ നില്‍ക്കണോ എന്നൊരു തോന്നല്‍ ഉണ്ടാവൂല്ലേ. പറ വാപ്പാ. ഉണ്ടാവൂല്ലേ. അതാ പറഞ്ഞത് എല്ലാറ്റിനും പരസ്പരം തൂക്കം ഒക്കണമെന്ന്. കനം ഒക്കുമ്പോഴല്ലേ തുഴയുമ്പൊ ഒരു സുഖം കിട്ടൂ. ല്ലേ വാപ്പാ.

ഇവിടത്തെ കാറ്റിന് മീനിന്റെ മണെല്ലെ മോളേ…ഒരു മാറ്റം വേണ്ടേ!

ഈ മണത്തില്‍ വെന്ത ചോറല്ലേ വാപ്പാ ഇത്ര കാലോം ഉമ്മച്ചിയും ഞാനും തിന്നത്. എന്നിട്ട് ഒരു കുറവും വന്നില്ലാലൊ. ദാ… ഉമ്മച്ചി വന്നു. ഉമ്മച്ചീ ഞമ്മക്ക് ഇന്നേ വരെ എന്തിനെങ്കിലും കുറവ് വന്നീനോ?

ഓ… ഒരു വാപ്പയും മോളും. പറഞ്ഞാ തീരാത്ത എന്ത് കഥയാ ഇങ്ങക്ക് രണ്ടാള്‍ക്കും? വാ രണ്ടാളും വന്ന് ചായ കുടിക്ക്. ആറിപ്പോവും.വാ.

ഉമ്മച്ചീ വാപ്പ പറേന്നത് കേട്ടോ എന്നെ ഉടനെ ഒരുത്തന്റെ കഴുത്തിലാക്കണോന്ന്.

പിന്നെന്താ ഇനിക്ക് വയസ്സെത്ര ആയീന്നാ വിചാരം?

അങ്ങനെ പറഞ്ഞ് കൊടുക്ക് സൈനാ. ഞമ്മളെ മോള്‍ക്ക് കല്യാണം വേണ്ട പോലും. ചെക്കനാജിന്റെ മോന്റെ ഒരു ആലോചന വന്നിട്ട്
പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാന്‍ നോക്ക്വല്ലേ ഞമ്മളെ മോള് !

ഉമ്മച്ചീ എനിക്ക് ഇപ്പം കല്യാണം വേണ്ട.

നോക്ക്. ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ. ഈ വാപ്പാനെ ഇനിക്ക് ശരിക്കും തിരിഞ്ഞിട്ടില്ല. മഹാ വെടക്കാ.

എന്റെ വാപ്പാനെ എനിക്ക് അറിയാവുന്ന
പോലെ മറ്റാര്‍ക്കാ അറിയ? എനിക്ക് ഒരു ദുബായീം വേണ്ട അമേരിക്കേം വേണ്ട. വാപ്പാനേം ഉമ്മച്ചീനേം വിട്ട് എനിക്ക് എവിടേക്കും
പോവണ്ട ഒരാള് വേണ്ടേ വാപ്പാക്കും ഉമ്മച്ചിക്കും ദാഹിക്കുമ്പം വെള്ളം കാച്ചിത്തരാന്‍.

മോളേ…
എന്തിനാ വാപ്പാ വാപ്പ കണ്ണ് തുടച്ചത് ?

ഒരീച്ച കണ്ണില്‍ പോയതാ മോളേ…

ഈച്ച പോയതൊന്നുമല്ല .എന്തോ ഉണ്ട്. പറ വാപ്പാ. ഞാന്‍ കണ്ടല്ലോ വാപ്പാന്റെ കണ്ണ് നനഞ്ഞത്.
മോളേ… റൂഹ് പിരിയുന്ന സമയം മക്കള് തരുന്ന ദാഹനീര് കുടിച്ചോണ്ട് മക്കളെ മുഖം കണ്‍കുളിര്‍ക്കെ കണ്ടോണ്ട് കണ്ണടക്കണോന്നാ വാപ്പാന്റെ തേട്ടം. പക്ഷേങ്കില്… ഇക്കാലത്ത്
പോറ്റിയ വാപ്പയും പെറ്റ ഉമ്മയും ആരാന്ന് സ്വന്തം മക്കള്‍ക്ക് അറിയോ? ന്റെ മോള് ഇങ്ങനേങ്കിലും പറഞ്ഞല്ലോ. അത് ആലോചിച്ച് കണ്ണ് നിറഞ്ഞുപോയതാ… മോളേ മോള്‍ക്കും വേണ്ടേ ഒരു നല്ല ജീവിതം. മോള് സമ്മതിച്ചാല്‍ ഞമ്മക്ക് ഇതങ്ങ് നടത്താലോ.

ഉമ്മച്ചീ… പറ ഉമ്മച്ചീ വാപ്പാനോട്, എനിക്ക് വലിയ വീട്ടിന്ന് ഒരാലോചന വേണ്ടാന്ന്.

ഉമ്മേം മോളും കൂടെ നാടകം കളിക്കാ?
പിന്നെ എവിടന്നാ വേണ്ടത്? മോളേ മോളെ ഖല്ബില് ആരെങ്കിലും ഉണ്ടെങ്കില്‍ ഈ വാപ്പാനോട് പറ.
ഉണ്ട് വാപ്പാ…

ആരാ…
വാപ്പാ…അത്…അത്. ശുക്കൂര്‍ക്കാന്റെ മകനില്ലെ ജബ്ബാറ്… ഉമ്മച്ചീ…പറഞ്ഞ് കൊടുക്ക്.

സൈനാ… എന്താ ഈ കേള്‍ക്കുന്നത്! ഞമ്മളെ മോള് വഴിതെറ്റിപ്പോയി സൈനാ…

വാപ്പാ… വാപ്പാന്റെ മോള് വഴി തെറ്റിയതല്ല, ശുക്കൂര്‍ക്കാന്റെ ഭാര്യ ഉമ്മച്ചിനോട് പറേന്നത് ഞാന്‍ കേട്ടതാ.

എന്ത് ?
പറ ഉമ്മച്ചീ…

അത്… ഓരിക്ക് ഞമ്മളെ മോളെ ജബ്ബാറിന് കൊടുക്കോ എന്ന് ചോദിച്ചീനും.

എന്താ എന്നോട് പറയാതിരുന്നത്?

ഇങ്ങളെ പേടിച്ചിട്ടാ…

മോളേ മോള്‍ക്ക് ജബ്ബാറിനെ ഇഷ്ടാണോ?

വാപ്പാ… ജബ്ബാറിക്ക അധ്വാനിക്കുന്ന ആളല്ലേ.
വീട് നോക്കുന്ന ആളല്ലേ വാപ്പാ.

ഓര് മീന്‍കാരല്ലേ മോളേ.

വാപ്പാക്ക് എന്തിന്റെ പണിയാ. ജ്വല്ലറിയാ? ഇത്ര വേഗം നിറം മാറിയോ ന്റെ വാപ്പ? മൈക്കിന് മുമ്പില് സോഷ്യലിസം. സ്വന്തം കാര്യം വരുമ്പോ അവനവനിസം. തറവാടിത്തം എന്ന് പറേന്നത് എന്താന്ന് വാപ്പാക്കറിയൊ? തറവാട്ടില്‍
പിറന്നവര് ഒരിക്കലും കളം മാറി കളം ചവിട്ടൂല്ല വാപ്പാ .

മോളേ… ന്റെ മോള്‍ക്ക് പഠിപ്പുണ്ട്. നിക്ക് അതില്ല. അതിന്റെ ഒരു കൊറവാ.

വിയര്‍പ്പിന്റ മുത്തുമണികളില്‍ തീര്‍ത്ത മഹര്‍ അണിയാനാ വാപ്പാ എനിക്ക് ഇഷ്ടം.

സൈനാ… എന്റെ കുടയും ചെരിപ്പും ഇങ്ങെടുക്ക്.
എന്തിനാ…
ശുക്കൂറിനെ ഒന്ന് കാണണം. ഇതങ്ങ് നടത്തിക്കൂടേ എന്ന് ചോദിക്കണം. എന്നിട്ട് വേണം വേണ്ടപ്പെട്ടവരെയും കൂട്ടി ഒരു തീയതി കാണാന്‍. ഞമ്മളെ മോളെ സന്തോഷാ ഞമ്മളെ സന്തോഷം. ല്ലേ സൈനാ…

മോളേ വാപ്പ പോയിട്ട് വരാം. ഓ, പെണ്ണിന്റെ ഒരു കള്ളച്ചിരി കണ്ടില്ലേ. മതി, ഈ വാപ്പാക്ക് ഈ ചിരി കണ്ടാ മതി. നോക്ക്. ആകാശത്തിന് എന്ത് തെളിവാ. ന്റെ മോളെ മുഖം പോലെ. അന്നേരം മുറ്റത്തെ കുറ്റിമുല്ലയിലേക്ക് ഒരു പൂമ്പാറ്റ പറന്ന് വന്ന് പൂവിനെ തൊട്ടുണര്‍ത്തുന്നതും ചിറകാട്ടുന്നതും നോക്കി എന്തോ ഓര്‍ത്ത് വാപ്പാന്റെ മോള് വെറുതെ ഊറിച്ചിരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *