ആശ്രിത നിയമനം അവകാശമല്ല; മലയാളി യുവതിയുടെ നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമല്ല, അത് ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി. കൊച്ചിയിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടില്‍ ആശ്രിത നിയമന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്. ഫാക്ടില്‍ ജീവനക്കാരനായിരുന്ന പിതാവ് സര്‍വീസിലിരിക്കെ മരണപ്പെട്ടതിനാല്‍ ആശ്രിത നിയമനം നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
1995- ലാണ്ഫാക്ടില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വര്‍ഷത്തിനുശേഷം പ്രായപൂര്‍ത്തിയായപ്പോഴാണ് മകള്‍ ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരന്‍ മരിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പില്‍ ജോലിയുണ്ടായിരുന്നു. ഭാര്യ ജോലിചെയ്യുന്നതിനാല്‍, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തില്‍ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.എ.സി.ടി ജോലി അപേക്ഷ തള്ളിയത്.

പിന്നാലെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹരജി പരിഗണിക്കാന്‍ കമ്പനിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ ഫാക്ട് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ആശ്രിത നിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേയും വിധി ശരിവച്ച ഡിവിഷന്‍ ബെഞ്ചിന്റേയും തീരുമാനത്തില്‍ പിഴവുണ്ടെന്ന് വിലയിരുത്തി.

ജീവിതമാര്‍ഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാന്‍ മനുഷ്യത്വപരമായ പരിഗണന നല്‍കിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നതെന്നും അതൊരു അവകാശമായി കാണാനാകില്ലെന്നുമുള്ള നിര്‍ണായക നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഫാക്ടിന്റെ അപ്പീല്‍ ശരിവച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *