ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി കെ.സുധാകരന്‍; ഖാര്‍ഗെക്ക് പരസ്യ പിന്തുണ

ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി കെ.സുധാകരന്‍; ഖാര്‍ഗെക്ക് പരസ്യ പിന്തുണ

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ പരസ്യമായി പ്രചാരണം നടത്തരുതെന്ന ഹൈക്കമാന്‍ഡ് മാര്‍ഗ്ഗനിര്‍ദേശം തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കെ. സുധാകരന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയെപോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതം. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകരും.
ആറുപതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖര്‍ഗെ. ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഖാര്‍ഗെ പടിപടിയായാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയര്‍ന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലാത്ത ഖാര്‍ഗെ എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാന്‍ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖര്‍ഗെയ്ക്ക് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി തിരിച്ചറിയാന്‍ കഴിയും.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് എ.ഐ.സി.സിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ആരോഗ്യപരമായ മത്സരം സംഘടനാ രംഗത്ത് നടക്കുന്നത് വളരെ പ്രതിക്ഷയോടെയാണ് ഓരോ പ്രവര്‍ത്തകനും നോക്കികാണുന്നത്. എന്നാല്‍ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നല്‍കി ദുഷ്ടലാക്കോടെ നോക്കി കാണുന്ന ശക്തികള്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *