ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്.എസ്.എസിന്റെ റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെതിരേ ആര്.എസ്.എസ് നല്കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി, സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പി.എഫ്.ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, ഒക്ടോബര്‍ രണ്ടിന് പകരം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താവുന്നതാണെന്ന് ആര്.എസ്.എസിനോട് നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.
ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിന് ഇന്നലെയാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. റൂട്ട് മാര്‍ച്ച് നടത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്കിയ അനുമതി നിലനില്‍ക്കെയായിരുന്നു ഈ നടപടി. സുരക്ഷ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിന്റെ നടപടി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എതിരെയാണ് ആര്.എസ്.എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ തിരുവള്ളൂര്‍ ജില്ലയിലെ റൂട്ട് മാര്‍ച്ചിന് ജില്ലാ പോലിസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേ, തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും ആര്.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്ക്കുമ്പോള് കേരളം അനുമതി നല്‍കിയെന്ന് ആര്.എസ്.എസ് ചൂണ്ടിക്കാണിച്ചെങ്കിലും ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നതെന്ന് ആര്.എസ്.എസ് അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഗോഡ്സെയുടെ പിന്തുടര്ച്ചക്കാര്ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചു.