പഴയങ്ങാടി: കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവും, രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ മതേതര ശബ്ദവും, ദേശീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പൊതു പ്രവര്‍ത്തന രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദെന്ന് സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്ത്തകന് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
1950 മുതല്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് മുന്നേ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്തുള്ള പ്രവര്‍ത്തനം ആ കാലത്തു തന്നെ സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന അപൂര്‍വ്വം നേതാക്കളുടെ കൂട്ടത്തിലായിരുന്നു ആര്യാടന്. എണ്‍പതുകളില്‍ തന്നെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അദ്ദേഹം പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവും ഉന്നതാധികാര കമ്മിറ്റിയിലും ഒക്കെ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു.
1977 മുതല്‍ എട്ടുതവണ നിലമ്പൂര്‍ മണ്ഡലത്തെ പ്രധിനിധികരിച്ച് എം.എല്‍.എ ആയിട്ടുണ്ട് അദ്ദേഹം. പഠിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന മികച്ച പാര്‍ലമെന്റേറിയനായിരുന്നു.
ഇ.കെ നായനാര്‍, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ മന്ത്രിസഭയില്‍ അംഗമായി മൂന്നു തവണ സംസ്ഥാന മന്ത്രിയാവാനും ആര്യാടന് സാധിച്ചു. തന്റെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയാറാകാതെ ഉറച്ച നിലപാടെടുക്കുന്ന അദ്ദേഹത്തിന് മുന്നണിയില്‍ തന്നെ എതിര്‍പ്പുകള്‍ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മുന്നണി എടുക്കുന്ന തീരുമാനത്തോടൊപ്പം എപ്പോഴും ഉറച്ചു നില്ക്കുക എന്ന രാഷ്ട്രീയ മര്യാദ ആര്യാടന് എന്ന രാഷ്ട്രീയക്കാരനെ എപ്പോഴും വേറിട്ടുനിര്‍ത്തി.
എന്ത് രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും പ്രതിപക്ഷ ബഹുമാനവും അവരോടു സൗഹാര്‍ദവും കാത്തു സൂക്ഷിക്കുന്നതിലും കാണിക്കുന്ന അസാധാരണമായ വൈഭവം മറ്റുളവരില്നിന്നും അദ്ദേഹത്തെ വേറിട്ടതാക്കുന്നതാണ്. പാര്‍ട്ടി വെല്ലുവിളികള്‍ നേരിടേണ്ടി വന്ന അവസരങ്ങളിലൊക്കെ തന്ത്രജ്ഞമായ നിലപാട് എടുത്തുകൊണ്ട് പ്രശംസനീയമാവിധം അതിനെ തരണം ചെയ്യുവാന്‍ ആര്യാടനുള്ള കഴിവ് ആരും സമ്മതിക്കുന്നതാണ്. രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തില്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.