കോഴിക്കോട്: ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗമായി കോര്‍പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി ‘ഹൃദയത്തിനായി ഒരു നടത്തം’ സംഘടിപ്പിച്ചു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ് ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ. കുഞ്ഞാലി , റോട്ടറി ഡിസ്ട്രിക്ട് 3204 ഗവര്‍ണര്‍ ഇലക്ട് ഡോ. സേതുശിവശങ്കര്‍ , ആര്‍.ജയന്ത് കുമാര്‍ , റംസി ഇസ്മയില്‍ , സുബൈര്‍ കൊളക്കാടന്‍ , റാഫി പി.ദേവസ്സി, പി. ടി ആസാദ്, എന്‍ജിനീയര്‍ മമ്മദ് കോയ, കെ.എം ബഷീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എന്‍.സി.സി, നേവി, സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, റോട്ടറി ക്ലബുകള്‍, ലയണ്‍സ് ക്ലബുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍, പ്രമുഖ ഹോസ്പിറ്റലുകള്‍, എന്‍.എസ്.എസ് , റസിഡന്‍സ് അസോസിയേഷനുകളിലെ അംഗങ്ങള്‍ പങ്കെടുത്തു.
ഹൃദയത്തിനായി ഒരു നടത്തം പരിപാടിയില്‍ പങ്കെടുത്ത 80 വയസ് കഴിഞ്ഞവരെ ആദരിച്ചപ്പോള്‍
മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നുമാരംഭിച്ച ആയിരത്തോളം പേര്‍ പങ്കെടുത്ത നടത്തം ഹെഡ് പോസ്റ്റ് ഓഫിസ് വഴി ടൗണ്‍ഹാളില്‍ സമാപിച്ചു. നടത്തത്തില്‍ പങ്കെടുത്ത 80 വയസ് കഴിഞ്ഞ ആറ് പേരെ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.എസ് ജയശ്രീ ആദരിച്ചു. തുടര്‍ന്ന് മുഖാമുഖം പരിപാടിയില്‍ ഹൃദയ സംബന്ധമായ ചോദ്യങ്ങള്‍ക്ക് പ്രമുഖ കാര്‍ഡിയോളജിസ്റ്റുകളായ ഡോ.കെ.കുഞ്ഞാലി, ഡോ.പി.കെ അശോകന്‍ , ഡോ. നന്ദ കുമാര്‍ എന്നിവര്‍ മറുപടി നല്‍കി. കോര്‍പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി കഴിഞ്ഞ 17 വര്‍ഷമായി ഹൃദയത്തിനായി നടത്തം സംഘടിപ്പിക്കുന്നു. വര്‍ഷത്തില്‍ ഒരു ദിവസം നടക്കുകയല്ല,ആരോഗ്യ സംരക്ഷണത്തിനായി എല്ലാ ദിവസവും നടക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ.കെ കുഞ്ഞാലി പറഞ്ഞു. ജനറല്‍ സെക്രട്ടറി ആര്‍.ജയന്ത് കുമാര്‍ സ്വാഗതവും എം.പി ഇമ്പിച്ചഹമ്മദ് നന്ദിയും പറഞ്ഞു.