കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി പെന്‍ഷന്‍ പദ്ധതിക്ക് പ്രായപരിധി ഒഴിവാക്കണമെന്ന് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ക്ഷേമപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് ആവശ്യപ്പെട്ടു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എറണാകുളം ഭാരത് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വിദേശനാണ്യം സമ്പാദിച്ചു നല്‍കുന്ന പ്രവാസികളെ സര്‍ക്കാരുകള്‍ അവഗണിക്കരുത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ അവരുടെ ജീവിതം സുഗമമാക്കാനുള്ള ബാധ്യത നാടിനുണ്ട്. സേവനങ്ങള്‍ക്കായി ചെല്ലുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും പ്രവാസികളെ അവഹേളിക്കുന്ന അനുഭവങ്ങള്‍ വിഷമകരമാണ്. പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം. പ്രവാസി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഡോ.എസ് അഹമ്മദ് ആവശ്യപ്പെട്ടു.
ചടങ്ങില്‍ പ്രവാസികള്‍ക്കായി സൗജന്യ നിരക്കിലുള്ള ഹോസ്പിറ്റല്‍ പ്രൊജക്റ്റ് ഡോ.ഗ്ലോബല്‍ ബഷീര്‍ അരിമ്പ്ര അവതരിപ്പിച്ചു.
60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ഒറ്റത്തവണ കോണ്‍ട്രിബൂഷന്‍ അടച്ച് പെന്‍ഷന്‍ അനുവദിക്കുക, പ്രവാസി ലോണ്‍ സുതാര്യവല്‍ക്കരിക്കുക, 50 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കൊടുക്കുക, റേഷന്‍ കാര്‍ഡില്‍ നിന്ന് എന്‍.ആര്‍.ഇ പ്രവാസി എന്നുള്ളത് ഒഴിവാക്കി കൂലി എന്നാക്കി മാറ്റുക എന്നീ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കൃത്യമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രവാസി ക്ഷേമനിധി പ്രവാസി പെന്‍ഷന്‍ അസോസിയേഷന്‍ തീരുമാനിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ഗുലാം ഹുസൈന്‍ കൊളക്കാടന്‍, വില്ലറ്റ് കൊറയ, പിജി.മുരുകന്‍ മാന്നാര്‍, സക്കീര്‍ പരിമണം, പി.പി.ആന്റണി, പി.എ സലീം, വി.രാമചന്ദ്രന്‍, അമര്‍ഷാന്‍, ടി.നാരായണന്‍,സത്താര്‍ ആദിക്കര, നജീബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.