കോഴിക്കോട്: പാരമ്പര്യേതര ഊര്‍ജ്ജമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുതിനായി വടക്കന്‍ കേരളത്തിലെ ഊര്‍ജ്ജമിത്ര കേന്ദ്രങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സഹകരണ സ്ഥാപനമായ ഊര്‍ജ്ജ റിന്യൂവബിള്‍ എനര്‍ജി പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഉറെപ്‌കോസ്)യുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംഘം പ്രസിഡന്റ് അഡ്വ.പി.ജയചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗരോര്‍ജ്ജ നിലയങ്ങളുടെ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുക, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോളാര്‍ ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുക, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക എതാണ് സംഘത്തിന്റെ പ്രധാന പദ്ധതികള്‍. നിലവില്‍ 300 കിലോവാട്ടില്‍ അധികം സോളാര്‍ നിലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ അനര്‍ട്ടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഊര്‍ജ്ജമിത്ര അക്ഷയ ഊര്‍ജ്ജ സേവന കേന്ദ്രങ്ങള്‍ 140 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലും, സബ്‌സിഡി ഉപഭോക്താക്കളില്‍ ഇടനിലക്കാരില്ലാതെ നേരിട്ട് എത്തിക്കുന്നതിനും നിലവില്‍ വന്ന നാഷണല്‍ പോര്‍ട്ടലില്‍ കെ.എസ്.ഇ.ബി ലിസ്റ്റ് ചെയ്തിരിക്കുന്ന വെന്‍ഡേഴ്‌സ് ലിസ്റ്റില്‍ ഉറെപ്‌കോസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംഘം സെക്രട്ടറി അനില്‍കുമാര്‍.ടി.കെ, വൈസ് പ്രസിഡന്റ് സുനില്‍ മണാശ്ശേരി, ഡയരക്ടര്‍മാരായ സുനീഷ്.എന്‍.പി, നസറുള്ള.കെ.സി എന്നിവരും സംബന്ധിച്ചു.