കോവിഡ് ഭീതിപരത്തുന്ന വാർത്തകളിൽ നിന്ന് മീഡിയകൾ പിൻമാറണം- പിടി കുഞ്ഞുമുഹമ്മദ്

പി.ടി നിസാർ

കോഴിക്കോട്: കോവിഡ് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന മാധ്യമ ശൈലിയിൽ നിന്ന് മീഡിയ പിന്മാറണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പിടി കുഞ്ഞുമുഹമ്മദ് പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. കോവിഡ് മൂലം കേരളത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്നത് ഇരുപത്തിരണ്ട് മരണങ്ങളാണ്. ഇതിൽ ഇരുപത് പേർക്കും മറ്റ് രോഗങ്ങൾ മരണം സംഭവിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യ ഭീതി പരത്തി വാർത്തകൾ പ്രചരിപ്പിച്ചാൽ തകർന്നുപോകുന്നത് മനുഷ്യ ജീവിതങ്ങളാണെന്ന് എല്ലാവരും ഓർക്കുന്നത് നാടിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് നാടുകളിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രതിസന്ധി താൽക്കാലികം മാത്രമാണ്. ദുബായ് സാധാരണ നിലയിലേക്ക് വന്നു കഴിഞ്ഞു. രോഗം ബാധിച്ച് സുഖപ്പെട്ട പലരെയും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പകരുന്നു എന്നതാണ് മറ്റു അസുഖങ്ങളിൽ നിന്നും വിത്യസ്തമാക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അതുപോലെ പാലിച്ച് സാമൂഹിക ജീവിതം പഴയപടിയാക്കാൻ രാഷ്ട്രീയ പാർട്ടികൾ, പ്രവാസി-സാമൂഹിക സംഘടനകൾ എന്നിവർ ശ്രമിക്കണം. ഓട്ടോറിക്ഷാ തൊഴിലാളികൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കൂലിപ്പണിക്കാർ എന്നുവേണ്ട എല്ലാ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. ജീവിതം തിരിച്ചുപിടിക്കണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകളും നടപടികളുമാണ് ഉണ്ടാകേണ്ടത്. കോവിഡ് മാത്രമല്ല മറ്റ് രോഗങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം മനുഷ്യൻ അതിജീവിച്ചിട്ടുമുണ്ട്. ഇപ്പോൾ നിലവിലുള്ള സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോകേണ്ട രീതിയാണ് വളർന്നു വരേണ്ടത്. ഗതാഗത സൗകര്യങ്ങളും മറ്റും തടസ്സപ്പെടുത്തി പുറത്തിറങ്ങാൻ ഭയപ്പെട്ട് ജനങ്ങൾ കഴിയുകയാണ്. അനാവിശ്യമായ ഭയം ജനങ്ങളിൽ സൃഷ്ടിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ഘട്ടത്തിൽ കേരളത്തിന്റെ പുനക്രമീകരണമാണ് നാം ചിന്തിക്കേണ്ടത്. കോവിഡ് മൂലം ഒരു ശതമാനം പോലും മരണം നടക്കാത്ത നാടാണ് കേരളം. ഒരു മാസത്തിനുള്ളിൽ ഇന്റർനാഷണൽ ഫ്‌ളൈറ്റുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ട്. നിശ്ചലമായി കിടക്കുന്ന നമ്മുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കണം. സമൂഹത്തിന് പ്രചോദനമാകുന്ന വാർത്തകളാണ് കാലം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസലോകത്ത് ഇനിയും വലിയ സാധ്യതകൾ മലയാളികൾക്കുണ്ട്.

പി.ടി കുഞ്ഞുമുഹമ്മദ്
Share

Leave a Reply

Your email address will not be published. Required fields are marked *