ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷം 2022

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷം 2022

ഷാര്‍ജ: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം നടക്കാതിരുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷം ആവണിത്തുമ്പി-2022 എന്ന പേരില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വിപുലമായി ആഘോഷിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയോടുകൂടി യാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത് ഘോഷയാത്രയില്‍ താലപ്പൊലി, പുലികളി, ബാന്‍ഡ് മേളം, ചെണ്ടമേളം, ആന എഴുന്നള്ളത്ത്, മുത്തുക്കുട, കളരിപയറ്റ്, തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ റഹീമിന്റെ അധ്യക്ഷതയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം.എ യൂസുഫലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

എം.എല്‍.എ ഡോ.എം.കെ മുനീര്‍, ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍, അസോസിയേഷന്റെ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ഉത്തംചന്ദ്, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ ടി.വി സ്വാഗതവും ഖജാന്‍ജി ശ്രീനാഥ് കാടഞ്ചേരി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ , ജോയിന്റ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ്, ജോയിന്‍ ട്രഷറര്‍ ബാബു വര്‍ഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി നായര്‍, എ.കെ ജബ്ബാര്‍, സാംവര്‍ഗീസ്, പ്രദീഷ് ചിതറ, എം. ഹരിലാല്‍, അബ്ദുമനാഫ്, അബ്ദുല്‍മനാഫ്, കെ.സുനില്‍രാജ്, കബീര്‍ ചാന്നാങ്കര തുടങ്ങിയവരും പങ്കെടുത്തു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനായി യു.എ.ഇയില്‍ എത്തിയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. ഒരേസമയം നാലായിരം പേര്‍ക്ക് ഒരുമിച്ച് സദ്യ കഴിക്കുന്നതിനായി യു.എ.ഇയിലെ പതിനഞ്ചോളം ഹോട്ടലുകളാണ് ഭക്ഷണം ക്രമീകരിച്ചത്.

പരമ്പരാഗതമായ രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ഓണച്ചന്ത, അസോസിയേഷന്റെ കീഴിലുള്ള സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍ ആയ അല്‍ ഇബ്തിസാമയിലെ കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വില്‍പനയ്ക്കായുള്ള സ്റ്റാള്‍, ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍, തിരുവാതിര, തെയ്യം, നൃത്തശില്‍പങ്ങള്‍, ഒപ്പന, മാര്‍ഗം കളി, സംഘനൃത്തം തുടങ്ങിയ കലാപരിപാടികള്‍ക്കു പുറമേ മൃദുല വാര്യര്‍, അന്‍വര്‍ സാദത്ത്, ശ്രീനാഥ്, അനഘ അജയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും അരങ്ങേറി. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പബ്ലിക്കേഷന്‍ കമ്മിറ്റി പുറത്തിറക്കിയ ഓണം സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യു.എ.ഇയിലെ ഇരുപതോളം ടീമുകള്‍ പങ്കെടുത്ത പൂക്കളമത്സരം ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. ഐ.എസ്.സി അജ്മാന്‍ , ഫ്‌ലോറല്‍ ഫ്രണ്ട്‌സ്, ഓര്‍മ്മക്കൂട്ടം എന്നീ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയിച്ചു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും മലയാള ചലചിത്ര താരം ജ്യോതി കൃഷ്ണ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *