കോഴിക്കോട്: കലയും സാഹിത്യവും മാനവികതയുടെ നേര്മുഖങ്ങളാവണമെന്ന് പ്രമുഖ കലാ ആക്ടിവിസ്റ്റും കവിയും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാതല കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തിന്റെ ഉല്പത്തിമുതല് പാട്ടും പ്രകടനകലകളും രൂപപ്പെട്ടു തുടങ്ങി. ഇന്നു കാണുന്ന സകല കലകളുടേയും ഉറവിടം ആദിമകലകളും സംസ്കാരവുമാണ്. ലോകത്തിലെ വിവിധങ്ങളായ സാമൂഹ്യമാറ്റങ്ങളില്‍ കലാ സാംസ്കാരികപ്രവര്ത്തനങ്ങള് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മനുഷ്യമനസ്സുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്ന പാലങ്ങളാണ് കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍. എന്നാല്‍ പുതിയ കാലത്ത് കലാകാരന്മാരേയും സര്‍ഗാത്മക സൃഷ്ടികളേയും രാഷ്ട്രീയത്തിന്റേയും മത-ജാതി വിഭാഗീയതയുടെയും പേരില്‍ തിരസ്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ‘പ്രവണത’ ആശങ്കാജനകമാണെന്നും ഗിരീഷ് ആമ്പ്ര കൂട്ടിചേര്‍ത്തു. വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്നിക് കോളേജില്‍ നടന്ന പരിപാടിയില്‍ കെ.ജി.ഒ.എ ജില്ലാപ്രസിഡന്റ് രാജീവന്. പി അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരന് ആശംസ അര്‍പ്പിച്ചു. പി.കെ മുരളീധരന് സ്വാഗതവും പി.വി മിനി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയാ കലാമേളകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാകലാമേളയില്‍ മാറ്റുരയ്ക്കുന്നത്.