പ്രൊഫ. ജോബ് കാട്ടൂരിനെ ഭാഷാ സമന്വയ വേദി ആദരിച്ചു

പ്രൊഫ. ജോബ് കാട്ടൂരിനെ ഭാഷാ സമന്വയ വേദി ആദരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് അധ്യാപകനായി നിയമനം ലഭിച്ച് അരനൂറ്റാണ്ടിലധികമായി ഇവിടെ സ്ഥിരതാമസമായ പ്രൊഫ. ജോബ് കാട്ടൂരിന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കാനായി ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ഗൃഹസദസ്സ് ഏറെ ശ്രദ്ധേയമായി. 1970ൽ ദേവഗിരി കോളേജിൽ അധ്യാപകനായി നിയമനം ലഭിച്ചപ്പോൾ വളരെ പ്രഗൽഭരായ സീനിയർ അധ്യാപകരുടെ പ്രോത്സാഹനവും മാർഗദർശനവും ലഭിച്ചതായി പ്രൊഫ.ജോബ് കാട്ടൂർ പറഞ്ഞു. ഫാദർ ഇസിഡോർ വടക്കൻ ആയിരുന്നു പ്രിൻസിപ്പൽ. ദേവസ്യ തകിടിയിൽ (മലയാളം) സി.എ.ഷെപ്പേർഡ് (ഇംഗ്ലീഷ്) മാത്യു താമരക്കാട് (ബോട്ടണി) ജിമ്മിആൻഡ്രൂസ് (ഹിസ്റ്ററി) എന്നിവരും അധ്യാപകരായിരുന്നു. കവിത, നാടകം, കഥ എഴുതുകയും തിക്കോടിയൻ, കെ.എ. കൊടുങ്ങല്ലൂർ, എൻ.എൻ.കക്കാട് എന്നിവരെഴുതിയ റേഡിയോ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കോളേജിൽ പഠിപ്പിക്കാൻ കിട്ടിയത് കവിതയായിരുന്നു. ജി. ശങ്കരക്കുറുപ്പ്, സുഗതകുമാരി അക്കിത്തം , എം.എൻ.പാലൂര്, എൻ.എൻ.കക്കാട്, കടമ്മനിട്ട എന്നിവരുടെ കവിതകൾ പഠിപ്പിച്ചപ്പോൾ വലിയ മാനസിക ആനന്ദം ലഭിച്ചിരുന്നു. ജി.ശങ്കരക്കുറുപ്പ് , അഴിക്കോട്, എം.പി.മന്മദൻ, എം.എൻ. വിജയൻ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.രാഷ്ട്രീയ താത്പര്യം ഉണ്ടായിരുന്നെങ്കിലും ക്ലാസ്സിൽ അത് പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ചു. കോൺഗ്രസ്സിലൂടെയായിരുന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നപ്പോൾ അതിൽ വലിയ വിയോജിപ്പ് തോന്നി സംഘടനാ കോൺഗ്രസ്സിന്റെ പക്ഷത്ത് നിന്നു. ഇപ്പോൾ എൻ.സി.പി യുടെ സംസ്ഥാന സിക്രട്ടറിയാണ്.
സ്വിറ്റ്സ്സർലന്റ , ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. അവിടുത്തെ ശുചിത്വവും പൗരബോധവും, അച്ചടക്കവും വലിയ മതിപ്പുളവാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, എം.ജി.യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പർ, പി.എസ്. സി. മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതിയിൽ മെമ്പറെന്ന നിലയിൽ പാവപ്പെട്ട പലർക്കും സഹായം ചെയ്യാൻ സാധിച്ചതിൽ കൃതാർത്ഥത തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹസദസ്സിൽ ഡോ. ഡി. രാജേന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ . ജയേന്ദ്രൻ, ഡോ.ആർസു , ഡോ. പി.കെ.രാധാമണി, വേലായുധൻ പള്ളിക്കൽ, ഡോ. ഒ.വാസവൻ, പി.ടി.രാജലക്ഷ്മി, കെ. സ്വർണകുമാരി, ദേവഗിരി കോളേജിലെ വിദ്യാത്ഥികളായിരുന്ന ഒ കുഞ്ഞിക്കണാരൻ, പി.ഐ.അജയൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ വെച്ച് പ്രവാസി റിവ്യൂ സ്‌പെഷ്യൽ പതിപ്പ് ഡോ.ആർസു പ്രൊഫ.ജോബ് കാട്ടൂരിന് നൽകി പ്രകാശനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *