സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍

കോഴിക്കോട്: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017 ജൂണ്‍ ഒന്‍പതിന് രാത്രി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ മൂന്നാം പ്രതിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.സജീവന്റെ നേതൃത്വത്തിലാണ് മൂന്നാം പ്രതിയായ കോഴിക്കോട് വടകര പുറമേരി സ്വദേശി കൂരാരത്ത് നജീഷിനെ (40) കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാന താവളത്തില്‍ വച്ച് പിടികൂടിയത്. അക്രമത്തിന് ശേഷം ഇരുപതാം ദിവസം ദുബൈയിലേക്ക് രക്ഷപെട്ട പ്രതിക്കെതിര് ഡിവൈ.എസ്.പി ടി. സജീവന്‍ ലുക്കൗട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പുതുക്കുവാനായി പ്രതി എത്തുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ദുബൈ പോലിസിനെ ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദുബൈ പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രൂപേഷിനെയും, രണ്ടാം പ്രതി ഷിജിയെയും നേരത്തെ പോലിസ് പിടികൂടിയിരുന്നു. ഇവരും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. വടകര നാരായണ നഗറിലെ ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടതിലുള്ള പ്രതിഷേധം കൊണ്ട് പ്രതികാരം ചെയ്‌തെതന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ ജെ.എഫ്.സി.എം (നാല്) കോടതിയില്‍ ഹാജരാക്കി.

2018 നവംബറില്‍ തന്നെ ഒന്ന്, രണ്ട് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നാം പ്രതി മുങ്ങുകയായിരുന്നു. ദുബൈയില്‍ ഗാര്‍മെന്റ്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായ ഇയാള്‍ നാട്ടിലുള്ള സമയത്താണ് കൃത്യത്തില്‍ ഏര്‍പ്പെട്ടത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഢാലോചനയടക്കം തെളിയിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
തിരുവനന്തപുരം എ.കെ.ജി സെന്ററിന് നേരെ നടന്ന പടക്കമേറ് കേസുപോലെ ഏറെ വിവാദമായിരുന്നു കോഴിക്കോട്ടെ ബോംബേറ് കേസ്. ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെ മാവിന്റെ കൊമ്പില്‍ തട്ടി ബോംബ് ചിതറിയതിനാലാണ് അന്ന് ആളപായമുണ്ടാകാതിരുന്നത്. ഡിവൈ.എസ്.പി.യെ കൂടാതെ അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ കെ.മനോജ്, പി.ജിതേഷ്, എ. എസ്.ഐ സി. സന്തോഷ്, സീനിയര്‍ സി.പി.ഒ രാജേഷ്, സി.പി.ഒമാരായ വന്ദന, കെ. ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *