ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇ.ഡി അറസ്റ്റ് ചെയ്ത ഷഫീഖ്.പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ എന്‍.ഐ.എക്ക് ഒപ്പം ഇ.ഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ളത്. ഇ.ഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍ നിന്നുള്ളയാളും ഒരാള്‍ കേരളത്തില്‍ നിന്നുള്ള ഷഫീഖ്.പി എന്നയാളുമാണെന്നാണ് വിവരം. 2018 മുതല്‍ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇ.ഡി ആവശ്യം.
ജൂലൈയില്‍ ബീഹാറിലെ പറ്റ്‌നയില്‍ വെച്ച് നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യു.പിയില്‍ നിന്നുള്ള ചില നേതാക്കളെയും വധിക്കാന്‍ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മലയാളിയായ ഷഫീഖിനെതിരേ ഗുരുതര ആരോപണമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങള്‍ വഴിയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി എന്‍.ഐ.എ ആസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പി.എഫ്.ഐ നേതാക്കളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ എന്‍.ഐ.എ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.