ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി

കൊല്ലം: വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി വി.എന്‍ വാസവന്‍. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയായിരുന്നു ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും മകള്‍ അഭിരാമി(20)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അഭിരാമി. വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന് അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണിക്കായും അച്ഛന്റെയും ഭാര്യയുടെയും ചികിത്സാ ചെലവുകള്‍ മൂലമുണ്ടായ ബാധ്യതകള്‍ വീട്ടുന്നതിനുമായിരുന്നു 2019-ല്‍ വായ്പയെടുത്തത്. വിദേശത്തായിരുന്ന അജികുമാര്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി.

ഇന്നലെ രാവിലെയാണ് ബാങ്ക് അധികൃതരെത്തി ജപ്തി ബോര്‍ഡ് സ്ഥാപിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ഭാര്യയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി ജീവനൊടുക്കിയത്. അജികുമാറിന്റെ പിതാവ് കിടപ്പുരോഗിയായ ശശിധരന്‍ ആചാരിയും മാതാവ് ശാന്തമ്മയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *