ചാലക്കര പുരുഷു
മാഹി: ഏറെപ്രതീക്ഷകളോടെ മയ്യഴിപ്പുഴയേയും അറബിക്കടലിനേയും ബന്ധിപ്പിച്ച് നിര്‍മിച്ച പുഴയോര നടപ്പാത ശോചനീയാവസ്ഥയില്‍. ഇരിപ്പിടങ്ങള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. സര്‍വ്വത്ര കാടുകയറിയിട്ടുമുണ്ട്.പ്രകൃതി സൗന്ദര്യവും കടല്‍ക്കാഴ്ചകളും നുകര്‍ന്ന് നിത്യേന നൂറുകണക്കിനാളുകള്‍ പ്രഭാത-സായാഹ്ന സവാരികള്‍ക്കായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. വ്യായാമങ്ങള്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും തുരുമ്പെടുത്തിട്ടുണ്ട്. നടപ്പാതയാകെ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായി തീര്‍ന്നിരിക്കുന്നു. അലങ്കാര ദീപങ്ങള്‍ മിക്കതും കണ്ണടച്ചു. ജലധാരയും നിശ്ചലമായി.കോഫി ഹൗസും അടച്ചു പൂട്ടി.
അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ എല്ലാം കുത്തഴിഞ്ഞ് കിടപ്പാണ്. മാസങ്ങളോളമായി നടപ്പാത തൂത്തുവാരി വൃത്തിയാക്കാറില്ല. പ്രവേശന കവാടത്തിനകത്തായി ഇരുവശത്തും ചപ്പുചവറുകളും പുല്ലും മറ്റു പാഴ് വസ്തുക്കളും കുമിഞ്ഞ് കൂടിക്കിടക്കുന്ന അവസ്ഥ മയ്യഴിക്ക് തന്നെ അപമാനമാണ്. നടപ്പാതയിലും പല ഭാഗങ്ങളിലായി ഇതേ അവസ്ഥ തന്നെയാണ്. പലഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകള്‍
ഏറെ നാളുകളായി നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. മഴ വെളളം നടപ്പാതയില്‍നിന്നും ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലഭാഗങ്ങളിലും ചെളികെട്ടിക്കിടക്കുകയാണ്.
ചിലയിടങ്ങള്‍ കൊതുക് വളര്‍ത്തു കേന്ദ്രങ്ങളായി മാറിയിട്ടുമുണ്ട്. പലരുംനടത്തത്തിനിടയില്‍ കാല്‍ വഴുതി വീണ് അപകടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ല. ടോയ്‌ലറ്റ് സംവിധാനവും നിലച്ചു പോയിട്ട് വര്‍ഷ ങ്ങളായി. ഇതുമൂലം ജനങ്ങള്‍ ഏറെ വിഷമിക്കുകയാണ്.മഹാകവി ടാഗോറിന്റെ നാമധേയത്തിലുള്ള ഉദ്യാനം ഇന്ന് ശോചനീയാവസ്ഥയിലാണ്. സാമൂഹ്യ വിരുദ്ധരുടേയും താവളമാണിന്നത്. ഇതിനെല്ലാം പുറമെ നടപ്പാതയാകെ തെരുവ് പട്ടികള്‍ കൈയ്യടക്കിയിരിക്കുകയാണ്.
മൂപ്പന്‍ ബംഗ്ലാവിന്റ ചുമരുകളില്‍ ശില്‍പ്പങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ട എം.മുകുന്ദന്റെ നോവല്‍ കഥാപാത്രങ്ങള്‍ക്ക് കീഴെ പുല്ല് വളര്‍ന്ന് കാഴ്ചകള്‍ മറയ്ക്കുകയാണ്. പരാതികള്‍ പലവട്ടം ഉയര്‍ന്ന് വന്നിട്ടും, അധികാരികള്‍ക്ക് മിണ്ടാട്ടമില്ല. മയ്യഴിയിലെ ഏറ്റവും മനോഹരമായ ചരിത്ര പ്രാധാന്യമുള്ള ഇടം കൂടിയാണിത്. ഫ്രഞ്ചുകാര്‍ സ്ഥാപിച്ച മറിയന്ന് പ്രതിമയും, രക്തസാക്ഷി സ്തൂപവും ഇവിടെയാണുള്ളത്. നടപ്പാതവൃത്തിയായി സംരക്ഷിക്കാനും, അറ്റകുറ്റപ്പണികള്‍ ചെയ്യാനുമുള്ള താല്‍ക്കാലിക ജീവനക്കാരുടെ കരാര്‍ കാലാവധി കഴിഞ്ഞ് മാസങ്ങളേറെയായിട്ടും അവര്‍ക്ക് കരാര്‍ പുതുക്കി നല്‍കുകയോ, പകരം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല.