കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതായി ട്വീറ്റ് ചെയ്തത്. പാര്‍ട്ടിയില്‍ ക്രിയാത്മകമായ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കുന്ന നിവേദനം പങ്കുവച്ചണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട്‌പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ചിന്തന്‍ ശിബിര്‍ തത്വങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് നിവേദനമെന്നും ഭരണഘടന മൂല്യങ്ങളും മതേതരത്വവും കര്‍ശനമായി പാലിക്കണമെന്നും പറഞ്ഞു. സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നിവേദനത്തിലുള്ളത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതല്‍ വ്യക്തമാക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്ര യില്‍ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കില്‍ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനാല്‍ ശശി തരൂര്‍ സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ടുമായുള്ള നേര്‍ക്കുനേര്‍ മത്സരമായിരിക്കും കാണാനാവുക. രാഹുല്‍ ഗാന്ധി മത്സരത്തിന് ഇല്ലാത്തതിനാല്‍ നെഹ്‌റു കുടുംബത്തിന്റെ നോമിനിയായിരിക്കും ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയെ നേരില്‍ കണ്ട തരൂര്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരിക്കുകയാണ്.

നെഹ്‌റു കുടുംബത്തോട് ഏറ്റവും കൂടുതല്‍ കൂറ് പുലര്‍ത്തുന്ന നേതാവാണ് ഗെഹ്‌ലോട്ട്. 26ന് ഗെഹ്‌ലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തിരുത്തല്‍വാദി നേതാക്കളുടെ പൊതുസ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നയാണ് ശശി തരൂര്‍. തരൂര്‍ മത്സരിക്കു ന്നതില്‍ സോണിയ ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ട് -ശശി തരൂര്‍ മത്സരത്തിനും അതിനുപരി നെഹ്‌റു കുടുംബ പക്ഷവും തിരുത്തല്‍ വാദി പക്ഷവും തമ്മിലുള്ള മത്സരത്തിനുമാകും വഴി തുറക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *