ഈ നാടകത്തില്‍ ഞങ്ങളില്ല, ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹം: വി.ഡി സതീശന്‍

ഈ നാടകത്തില്‍ ഞങ്ങളില്ല, ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനം സ്വാഗതാര്‍ഹം: വി.ഡി സതീശന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിലൂടെ കേരള ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ഗവര്‍ണറും സര്‍ക്കാരിനെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നിയിച്ചിട്ടില്ല. രണ്ട് ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണര്‍ തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നുവെന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയും വിദ്യഭ്യാസവകുപ്പും ക്രമവിരുദ്ധമായി ഇടപ്പെട്ട് ഗവര്‍ണര്‍ നിയമവിരുദ്ധമായും ക്രമരഹിതമായും പുനര്‍നിയമനം നടത്തി എന്നത് ആദ്യമായി പറഞ്ഞത് പ്രതിപക്ഷമാണ്. എന്നാല്‍, ഗവര്‍ണര്‍ ഇപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞിരിക്കുകയാണ്. ഇടനിലക്കാര്‍ വഴി ഗവര്‍ണറെ അനുനയിപ്പിക്കലാണ് മുഖ്യമന്ത്രി പതിവായി ചെയ്യുന്നത്. സെറ്റില്‍മെന്റുണ്ടാക്കി മുഖ്യമന്ത്രി ഗവര്‍ണറെ സ്വാധീനിക്കാന്‍ പോയത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഒപ്പുവക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അന്ന് അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു.രണ്ട് കൂട്ടരും ഒരുമിച്ച് ചെയ്തതാണ് ഇതെല്ലാം.

Share

Leave a Reply

Your email address will not be published. Required fields are marked *