കോഴിക്കോട്: മൂലധന ശക്തികള്‍ പിടിമുറുക്കി സ്വതന്ത്ര നിലപാടും വിമര്‍ശന ശേഷിയും കുറഞ്ഞത്
മാധ്യമങ്ങളുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഇടതുചിന്തകന്‍ സുനില്‍ പി. ഇളയിടം. മാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷിന്റെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി എന്‍. രാജേഷ് സ്മാരക ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണത്തില്‍ ‘മാധ്യമങ്ങളും ജനാധിപത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര നിലപാട്, ബഹുത്വം, വിമര്‍ശനശേഷി എന്നീ മൂന്ന് നിലകളിലായാണ് മാധ്യമങ്ങളില്‍ ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. ഇവ ഇന്ന് കുറഞ്ഞുവരികയാണ്. ചീഫ് എഡിറ്ററേക്കാള്‍ സി.ഇ.ഒയും ബ്യൂറോ ചീഫിനേക്കാള്‍ മാര്‍ക്കറ്റിങ് മാനേജറും വലുതാവുന്നു. പരസ്യത്തിനിടയില്‍ വാര്‍ത്തകള്‍ എന്ന നിലയിലേക്ക് പത്രങ്ങള്‍ മാറുകയാണ്.
പത്രങ്ങളും ചാനലുകളുമെല്ലാം വര്‍ധിച്ചെങ്കിലും മൂലധന ശക്തികള്‍ പിടിമുറുക്കിയതോടെ അതികേന്ദ്രീകരണമുണ്ടായി. മാധ്യമ മണ്ഡലം വളരുന്നത് ഇന്ന് ഏകീകൃതമായാണ്. മാധ്യമങ്ങളെ വിഴുങ്ങുന്ന മൂലധന ശക്തികള്‍ക്കെതിരേ ആദ്യം ചെറുത്തുനില്‍പ്പുകളുണ്ടായെങ്കിലും പിന്നീട് അതില്ലാതായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാവും. പൊതുസമൂഹത്തില്‍ അഭിപ്രായ രൂപവല്‍ക്കരണമുണ്ടാക്കുന്നതിലാണ് പത്രങ്ങളുടെ ജനാധിപത്യ ഉള്ളടക്കമുള്ളത്.
എന്നാലിന്ന് പൊതുജനാഭിപ്രായത്തിനൊപ്പം നില്‍ക്കുന്നവരായി മാധ്യമങ്ങള്‍ മാറി. അനാവശ്യങ്ങളെയും നിസാരതകളെയും ഇന്ന് ബ്രേക്കിങ് ന്യൂസുകളാക്കുകയാണ്. മാധ്യമ ചര്‍ച്ചകളാണെങ്കില്‍ ഏറിയപങ്കും തര്‍ക്കത്തിലൂന്നിയതുമായി. വിവരം, വ്യാഖ്യാനം, വിമര്‍ശനം എന്നത് മാറി വിവരം, വിവാദം, വിനോദം എന്ന നിലക്കായി. ഒരു നേതാവിനെ എല്ലാവരും ചേര്‍ന്ന് സ്തുതിക്കുന്നതും ഭൂരിപക്ഷ ഹിതവുമല്ല ജനാധിപത്യം. ഇക്കാര്യം അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വ്യത്യസ്തനായിരിക്കുമ്പോഴും ആക്രമിക്കപ്പെടാതിരിക്കുന്നതാണ് ജനാധിപത്യം. പാര്‍ലമെന്റിലെ നീണ്ട കാലത്തെ ചര്‍ച്ചക്കൊടുവില്‍ കാശ്മീരിന് നല്‍കിയ പ്രത്യേക പദവി ഒഴിവാക്കിയത് ഒരുമന്ത്രി കീശയില്‍ നിന്ന് ഒരു കടലാസ് എടുത്ത് വായിച്ച് പാസാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ എം. ഫിറോസ്ഖാന്‍ അധ്യക്ഷതവഹിച്ചു. മാധ്യമം ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറി ടി. നിഷാദ്
അനുസ്മരണ പ്രഭാഷണം നടത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ, ഐ.വൈ.എ മുന്‍ പ്രസിഡന്റ് പി. ഹേമപാലന്‍, ട്രസ്റ്റ് അംഗം അഡ്വ. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ രജേഷിന്റെ ഛായചിത്രം മകന്‍ ഹരികൃഷ്ണന് കൈമാറി. ട്രസ്റ്റ് സെക്രട്ടറി കമാല്‍ വരദൂര്‍ സ്വാഗതവും കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് നന്ദിയും പറഞ്ഞു.