പോളണ്ട് മൂസഹാജി: ആഗോള ബിസിനസിലെ മലയാളി സുഗന്ധം

പോളണ്ട് മൂസഹാജി: ആഗോള ബിസിനസിലെ മലയാളി സുഗന്ധം

പി.ടി നിസാര്‍

പ്രാഥമിക വിദ്യാഭ്യാസം മാത്രം കരഗതമാക്കിയ പോളണ്ട് മൂസഹാജി കോസ്‌മെറ്റിക്‌സ് ആന്‍ഡ് പെര്‍ഫ്യൂംസ് ബിസിനസിലെ ആഗോള ബ്രാന്‍ഡായ ഫ്രാഗ്‌റന്‍സ് വേള്‍ഡിന്റെ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമാണ്. 2004ല്‍ ദുബായില്‍ തുടക്കമിട്ട കമ്പനി തൊണ്ണൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിധ്യമാണ്.

 

പ്രവാസ ജീവിതത്തിന്റെ വിജയഗാഥ അക്ഷരാര്‍ത്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട ജീവിതമാണ് പോളണ്ട് മൂസഹാജിയുടേത്. മലപ്പുറം ജില്ലയിലെ, വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയില്‍ ജനനം. നാല് വയസ്സുള്ളപ്പോള്‍ കുടുംബം വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് താമസം മാറിയപ്പോള്‍ അവിടുത്തെ സ്‌കൂളില്‍ പ്രാഥമിക പഠനം. ചുറ്റുപാടുകളുടെ സമ്മര്‍ദം നിമിത്തം 10 വയസ്സുള്ളപ്പോള്‍ മൈസൂരിലേക്ക് നാട് വിട്ടു. ഇതോടെ അദ്ദേഹത്തിന്റെ കാഠിന്യമേറിയ ജീവിത യാത്രക്ക് ആരംഭം കുറിക്കുകയായിരുന്നു. ഹോട്ടലില്‍ ജോലിതേടിയെത്തിയ കുട്ടിക്ക് വിശപ്പിനുള്ള ആഹാരം കിട്ടുമല്ലോ എന്നതായിരുന്നു ചിന്ത. ഹോട്ടല്‍ ജോലിക്കിടയില്‍ അസുഖം പിടിപെട്ടു. അവിടത്തുകാര്‍ ആശുപത്രിയിലാക്കി. അവിടെ നിന്നും ചികിത്സ കഴിഞ്ഞ് നാട്ടിലെത്തി. അസുഖം മാറിയപ്പോള്‍ വീണ്ടും മൈസൂര്‍ യാത്ര, തുടര്‍ന്നും അസുഖം, വീണ്ടും നാട്ടിലേക്കു തന്നെ. വീണ്ടും നാട് വിടല്‍.
മൈസൂരില്‍ 55 വര്‍ഷം മുമ്പെത്തിയ ഈ ബാലന്‍ ചെയ്യാത്ത ജോലികളില്ല. വിവിധ മേഖലകളിലെല്ലാം കഠിനാധ്വാനം ചെയ്തു. 15 വയസ്സുള്ള ഒരു കുട്ടിയാണ് ഈ ജീവിത വൈതരണികളെ ചങ്കൂറ്റത്തോടെ നേരിട്ടത്. ഈ അനുഭവങ്ങളായിരിക്കാം ഇന്ന് കാണുന്ന വ്യവസായ അതികായനെ സൃഷ്ടിച്ചതും.

പ്രവാസ ലോകം

1977ല്‍ ദുബായിലുണ്ടായിരുന്ന ജ്യേഷ്ഠന്റെ അടുത്തേക്കായിരുന്നു മൂസയുടെ യാത്ര. ജ്യേഷ്ഠന്‍ ഏര്‍പ്പാടാക്കിയ അറബിയുടെ വീട്ടുപണിക്കാരനായി പ്രവാസ ജീവിതം ആരംഭിച്ചു. മൂസ ദുബായിലെത്തുന്നതിന് 6 വര്‍ഷം മുന്‍പ്തന്നെ ഉപ്പ ദുബായിലുണ്ടായിരുന്നു. എന്നാല്‍ പ്രവാസത്തിന്റെ ഐശ്വര്യം ഉപ്പാക്ക് കരഗതമായില്ല. സ്വന്തം കുടുംബ പശ്ചാത്തലം കഷ്ടപ്പാടിന്റേതായിരുന്നു. ഉപ്പ നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് മൂസ ദുബായിലിറങ്ങുന്നത്. എന്നാല്‍ ലഭിക്കുന്ന ജോലി ആത്മാര്‍ത്ഥമായും സത്യസന്ധമായും ചെയ്യുക എന്നത് ജീവിത ദൃഢനിശ്ചയം കൂടിയായിരുന്നു മൂസക്ക്. അറബി വീട്ടിലെ ജോലി എന്നു പറഞ്ഞാല്‍ എല്ലാ ജോലിയും ചെയ്യേണ്ടിവരും.
അതെല്ലാം മൂന്നര വര്‍ഷം അനുസ്യൂതം തുടര്‍ന്നു. സ്വന്തം അറബിയോട് ആദ്യമായി ഒരു ജോലിയുടെ കാര്യം പറഞ്ഞത് ഇക്കാലത്തായിരുന്നു.

അദ്ദേഹം ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയായിരുന്നു. പോലിസിലായിരുന്നു ജോലിക്കപേക്ഷിച്ചത്. എന്നാല്‍ മൂസക്ക് ഒറ്റക്ക്പോയി നേടാവുന്ന ഒരു ജോലിയായിരുന്നില്ല അത്. ജോലി ലഭിക്കാനായി പോകേണ്ട ദിവസം കൂടെ വരാമെന്ന് പറഞ്ഞ ബോസിന്(അറബിക്ക്) അടിയന്തരമായി ലണ്ടനിലേക്ക് പോകേണ്ടി വന്നു. അദ്ദേഹം തിരിച്ചു വരുന്നത് നാല് മാസം കഴിഞ്ഞാണ്.
അപ്പോഴേക്കും മൂസക്ക് ജോലി നേടണമെന്ന കമ്പം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഡ്രൈവറാകാനുള്ള മോഹമായിരുന്നു. 1980-84 കാലഘട്ടം എന്ന് പറയുന്നത് ഡ്രൈവര്‍മാര്‍ക്ക് മാന്യതയുള്ള കാലഘട്ടമായിരുന്നു. ഡ്രൈവിംഗും പഠിച്ച് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് 1980-81ല്‍ ഓണറുടെ ഫൂട്ട്‌വെയര്‍ ഷോപ്പില്‍ ജോലി ലഭിച്ചത്. ഈ കാലഘട്ടത്തിലാണ് ബിസിനസ് എന്താണെന്ന് പഠിക്കാനുള്ള അവസരം ലഭിച്ചത്. കാലത്ത് ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയായിരുന്നു പ്രവൃത്തി സമയമെങ്കിലും കാലത്ത് ഏഴരക്ക് തന്നെ മൂസ ഷോപ്പിലെത്തും. ഷോപ്പും അതിനുള്ളിലുള്ള 400ഓളം ജോഡി ചെരുപ്പുകളും ക്ലീന്‍ ചെയ്ത് വയ്ക്കും.

പലപ്പോഴും ഓണറും മറ്റുള്ളവരും ചോദിക്കുമായിരുന്നു എന്തിനാണ് മൂസ ഇത്ര നേരത്തെ വന്ന് കട വൃത്തിയാക്കുന്നതെന്ന്. ആളുകളറിയാതിരിക്കാന്‍ കടയുടെയുള്ളില്‍ കയറി, തുറക്കാന്‍ പാകത്തില്‍ ഷട്ടര്‍ അടച്ചാണ് ക്ലീനിങ്ങും മറ്റു ജോലികളും ചെയ്തിരുന്നത്. മൂന്നര വര്‍ഷംകൊണ്ട് നേടാനായത് വലിയ ബിസിനസുകാരനിലേക്കുള്ള കരുത്തുറ്റ അടിത്തറ തന്നെയായിരുന്നു. 1986 വരെ ഈ സ്ഥാപനത്തില്‍ തുടര്‍ന്നു. ഒരു ദിവസത്തില്‍ 18 മണിക്കൂര്‍ ജോലിയെടുത്തു. പിന്നണിയില്‍ നില്‍ക്കുന്ന കുടുംബത്തെ നല്ല ജീവിതനിലവാരത്തിലേക്ക്് ഉയര്‍ത്തികൊണ്ടുവരിക എന്നതും ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയുമാണ് ഈ അധ്വാനത്തിന് പിന്നിലുണ്ടായിരുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് റെഡിമെയ്ഡ്‌സ്, ഗാര്‍മെന്റ് ബിസിനസില്‍ കൈവയ്ക്കുന്നത്. അതായിരുന്നു സ്വന്തം സംരംഭത്തിന്റെ തുടക്കം. ദുബായിലെ ദേരയില്‍ അല്‍ബുറൂബ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആ സ്ഥാപനം ഐശ്വര്യത്തിന്റെ തുടക്കമായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടര്‍നാളുകള്‍ വ്യാപാരത്തിന്റെ വ്യത്യസ്ത മേഖലകളിലേക്കുള്ള പ്രയാണമായിരുന്നു. ഇലക്ട്രോണിക്‌സ് സ്ഥാപനം ആരംഭിച്ചുകൊണ്ട് രണ്ടാം ചുവടുവച്ചു. മലയാളികളായ രണ്ട് സുഹൃത്തുകള്‍
പാര്‍ട്ണര്‍മാരായി കൂടെനിന്നു. ബിസിനസിന്റെ വളര്‍ച്ചക്കിടയില്‍ തന്നെ സൗഹാര്‍ദത്തോടെ പാര്‍ട്ണര്‍ഷിപ്പ് ഒഴിഞ്ഞ് ഓരോരുത്തരും സ്വന്തം വഴികളില്‍ ബിസിനസ് കെട്ടിപ്പടുക്കാനാരംഭിച്ചു.

1988 കാലഘട്ടത്തില്‍ പോളണ്ടിലും മൂസ ബിസിനസില്‍ വ്യാപൃതനായി. അക്കാലത്ത് പോളണ്ടില്‍ ബിസിനസ് ചെയ്യുക എന്നുള്ളത് വളരെ സാഹസം പിടിച്ച ജോലിയായിരുന്നു. മാഫിയകളുടെ ഭീഷണികളെ വകവയ്ക്കാതെ ധൈര്യസമേതം അദ്ദേഹം അവിടെയും ബിസിനസിന്റെ വെന്നിക്കൊടി നാട്ടി. ഇത് കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് മൂസക്ക് പോളï് മൂസയെന്ന പേര് നാമകരണം ചെയ്തത്.

ഫ്രാഗ്‌റന്‍സ് വേള്‍ഡ്

2004ല്‍ ഫ്രാഗ്‌റന്‍സ് വേള്‍ഡ് എന്ന നാമധേയത്തില്‍ സ്വന്തം ബ്രാന്‍ഡിന് തുടക്കമിട്ടു. അവിടെയും ഭാവി വളരെയധികം ശോഭനമായിരുന്നു. ഫ്രാഗ്റന്‍സ് വേള്‍ഡ് എന്ന കമ്പനി കോസ്മെറ്റിക്സ് ആന്റ് പെര്‍ഫ്യൂംസ് രംഗത്ത് ഇന്ന് ലോക മാര്‍ക്കറ്റിലെ പ്രമുഖ ബ്രാന്‍ഡാണ്. ദുബായ് ആണ് കമ്പനിയുടെ ആസ്ഥാനം. പോളണ്ട് മൂസഹാജിയാണ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍. 1000ത്തോളം ജീവനക്കാര്‍, മലയാളികളാണ് ജീവനക്കാരില്‍ ഭൂരിപക്ഷമെങ്കിലും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലുള്ളവരും കമ്പനി ജീവനക്കാരായി സേവനമനുഷ്ഠിക്കുന്നു. മാനുഫാക്ച്ചറിങ്, ട്രേഡിങ്, കയറ്റുമതി രംഗത്ത് കമ്പനി ശക്തമായ സാന്നിധ്യമാണ്.

ഇന്ന് ദുബായില്‍ മാത്രം ഫ്രാഗ്‌റന്‍സ് വേള്‍ഡിന് 13 ഷോറൂമുകളുണ്ട്. നാല് വര്‍ഷം മുന്‍പ് അജ്മാനില്‍ ഫാക്ടറി സ്ഥാപിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്.എ, യു.കെ, റഷ്യ, അസര്‍ബൈജാന്‍, മോസ്‌കോ, ജോര്‍ജ്ജിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 4000ത്തോളം ഉല്‍പ്പന്നങ്ങള്‍ കമ്പനി ലോക മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും പുതിയ മൂന്ന് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നത് ലക്ഷ്യമിട്ട് കമ്പനിക്ക് റിസര്‍ച്ച് വിങ് ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നുണ്ട്.
കസ്റ്റമറുടെ താല്‍പര്യം മനസിലാക്കി മാര്‍ക്കറ്റിലെ സ്പന്ദനങ്ങള്‍ വിലയിരുത്തി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതോടെ മാര്‍ക്കറ്റും കസ്റ്റമറുടെ മനവും കീഴടക്കി ഓരോ ഉല്‍പ്പന്നവും ജൈത്രയാത്ര തുടരുകയാണ്.

കമ്പനിയുടെ റിസര്‍ച്ച് വിങ്ങിന്റെ ഗവേഷണ പഠനങ്ങളോടൊപ്പം രൂപപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പോളണ്ട് മൂസയെന്ന നാലര പതിറ്റാണ്ട് പാരമ്പര്യമുള്ള ബിസിനസുകാരന്റെ അനുഭവങ്ങളുടെ ആഴത്തിലുള്ള അറിവും സംയോജിപ്പിച്ച് ഒരുല്‍പ്പന്നം വിപണിയിലെത്തുമ്പോള്‍ ഉപഭോക്താക്കള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് ദൈവ നിയോഗവും ആത്മാര്‍ത്ഥതയുടെ കൈയ്യൊപ്പുമായതുകൊണ്ടാണ്.
നിലവില്‍ ആഗോള മാര്‍ക്കറ്റാവശ്യപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാന്‍ വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 2023 ആവുമ്പോഴേക്കും ഉല്‍പാദനം ഇരട്ടിയാകും. അതിനായി
പുതിയ ഫാക്ടറികള്‍ സ്ഥാപിക്കും.

ഓരോ രാജ്യങ്ങളിലേക്കുള്ള യാത്രകളും മൂസഹാജിക്ക് ബിസിനസ് യാത്രകളാണ്. ഒരു രാജ്യത്ത് മൂന്നോ നാലോ ദിവസം മാത്രമേ ചിലവഴിക്കാറുള്ളൂ. ഈ സമയംകൊണ്ട് അവിടത്തെ മാര്‍ക്കറ്റ് സസൂക്ഷ്മം വിലയിരുത്തി, അവിടേക്കാവശ്യമായ ഉല്‍പ്പന്നം എന്തെന്ന് മനസിലാക്കി യുദ്ധക്കാല വേഗതയില്‍ മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നം എത്തിക്കുന്നതില്‍ ഈ ബിസിനസുകാരന്റെ വേഗത പുതുതലമുറക്കൊരു പാഠപുസ്തകമാണ്. വ്യാപാര ആവശ്യാര്‍ത്ഥം 80 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് പോളണ്ട് മൂസഹാജി. മലയാളത്തിനു പുറമേ റഷ്യന്‍, ബള്‍ഗേറിയന്‍, പോളിഷ്, റൊമേനിയന്‍, ലിത്വാനിയന്‍, ചെക്ക്, ഹംഗേറിയന്‍, സ്ലൊവേനിയന്‍, സ്ലോവാക്, സോമാലി, ഇറാനിയന്‍, അറബിക്, ഇംഗ്ലീഷ് , ഹിന്ദി ഉള്‍പ്പെടെയുള്ള 14 ഭാഷകളിലും പോളണ്ട് മൂസഹാജിക്ക് പ്രാഗത്ഭ്യമുണ്ട്. കൈരളി ടി.വിയുടെ ബെസ്റ്റ് ബിസിനസ്സ്മാന്‍ അവാര്‍ഡ് 2020ല്‍ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്

കുടുംബം

ഭാര്യ ഷെരീഫ. ആദ്യ ഭാര്യയില്‍ മൂന്ന് മക്കള്‍. മൂത്ത മകന്‍ പി.വി.സലാം, കമ്പനിയുടെ ട്രേഡിംഗിന് ചുക്കാന്‍ പിടിക്കുന്നു. മകള്‍ സാജിറയുടെ ഭര്‍ത്താവ് ലബീബ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചുമതലയും, ഇളയ മകന്‍ പി.വി സഫീര്‍ ഫ്രാഗ്റന്‍സ് കണ്‍ട്രോളറുമാണ്. മക്കള്‍ എല്ലാവരും എം.ബി.എ ബിരുദധാരികളാണ്. അവര്‍ക്ക് ബിസിനസിന്റെ ചുമതലകള്‍ നല്‍കി പോളണ്ട് മൂസഹാജി അവരേയും കര്‍മരംഗത്തേക്ക് ഇറക്കി.

പെര്‍ഫ്യൂം ആന്‍ഡ് കോസ്‌മെറ്റിക് ബിസിനസിന് അനന്ത സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ : പോളണ്ട് മൂസഹാജി

നമ്മുടെ രാജ്യത്ത് കോസ്‌മെറ്റിക് പെര്‍ഫ്യൂം ബിസിനസിന് അനന്തസാധ്യതകളാണുള്ളതെന്ന് പോളണ്ട് മൂസഹാജി ചൂണ്ടിക്കാട്ടി. പുതുതലമുറ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. നോര്‍ത്ത് ഇന്ത്യയിലാണ് വലിയ മാര്‍ക്കറ്റിങ് സാധ്യതയുള്ളത്. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളും വലിയ മാര്‍ക്കറ്റ് തന്നെയാണ്. മുംബൈയില്‍ ഇതിന്റെ റോമെറ്റീരിയലുകള്‍ ലഭ്യമാണ്. അവിടെനിന്ന് ഞങ്ങള്‍ വലിയ തോതില്‍ റോ മെറ്റീരിയലുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

ബ്യൂട്ടിക് എക്‌സ്‌പോകളിലെ നിറസാന്നിധ്യം

ലോകത്തെ പ്രധാന ബ്യൂട്ടിക്‌ഷോകളിലെല്ലാം നിറ സാന്നിധ്യമാണ് ഫ്രാഗ്‌റന്‍സ് വേള്‍ഡും പോളണ്ട് മൂസഹാജിയും. ഗള്‍ഫ് ബ്യൂട്ടിക് എക്‌സ്‌പോ, ഹോങ്കോങ്, ലാസ്‌വാഗസ്, പോളണ്ട്, ബോളോനിയോ എന്നിവിടങ്ങളില്‍ നടക്കുന്ന എക്‌സ്‌പോകളുടെ മുഖ്യസംഘാടനത്തിലും കമ്പനി സജീവമാണ്.
തന്റെ തുടക്കവും വളര്‍ച്ചയുമെല്ലാം ദൈവാധീനമെന്നതിലേക്ക് കേന്ദ്രീകരിക്കുന്ന മൂസഹാജി ബിസിനസിന് പറ്റിയ മണ്ണ് ദുബായ് ആണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. ഭാവി പ്രോജക്ടുകളും ഇന്‍വെസ്റ്റ്‌മെന്റുകളും ദുബായ് കേന്ദ്രീകരിച്ച് തന്നെ നടത്തും. കഴിഞ്ഞ 45 വര്‍ഷത്തോളം കേന്ദ്രീകരിച്ച് നിന്നത് ദുബായില്‍ തന്നെയാണ്. അവിടത്തെ ഭരണാധികാരികള്‍ എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. അതെല്ലാമാണ് തന്റെ ബിസിനസ് വളര്‍ച്ചക്കാധാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് വളര്‍ച്ചയോടൊപ്പം സഹജീവികളെ ചേര്‍ത്തുപിടിച്ച മാതൃകാ വ്യക്തിത്വം

സേവന പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ് മൂസഹാജി. തന്റെ നാട്ടിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ജാതി-മത പരിഗണനകളില്ലാതെ സഹായമെത്തിക്കുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. പള്ളി-ക്ഷേത്ര കമ്മിറ്റികളിലൂടെയാണ് അര്‍ഹരിലേക്ക് സഹായമെത്തിക്കുന്നത്. ‘എന്റെ അറിവിനും കഴിവിനുമനുസരിച്ചാണ് ഞാന്‍ ദൈവത്തോട് അപേക്ഷിച്ചത്. എന്നാല്‍ എനിക്ക് ലഭിച്ചത് അതിലുമപ്പുറമായിരുന്നു. അത്‌കൊണ്ട് സഹജീവികളെ സഹായിക്കലും തന്റെ നിയോഗമാണെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലുടനീളം സത്യസന്ധതയും കഠിനാധ്വാനവും അര്‍പ്പണബോധവും മുറുകെ പിടിക്കാന്‍ പ്രചോദനമായത് ഉപ്പയും ഉമ്മയുമാണെന്ന് മൂസഹാജി പറഞ്ഞു.

നമ്മള്‍ ചെയ്യുന്ന പ്രവൃത്തി നല്ലതാണെങ്കില്‍ മുകളിലിരിക്കുന്നവന്‍ അനുഗ്രഹിക്കുമെന്ന് ഉമ്മ പഠിപ്പിച്ചു തന്നിട്ടുണ്ട്. ജീവിത വഴിത്താരയില്‍ ഉപ്പയും ഉമ്മയും ഒരു സഹോദരനും മറഞ്ഞെങ്കിലും മറ്റ് അഞ്ച് സഹോദരങ്ങളേയും ജീവിത സൗഭാഗ്യത്തിലേക്ക് കൂടെകൂട്ടാന്‍ ഇദ്ദേഹം മറന്നിട്ടില്ല. മുഹമ്മദ്, ബീരാന്‍, ഗഫൂര്‍, സുലൈഖ, ഉജെരിയ്യ എന്നീ സഹോദരങ്ങളെ മൂസഹാജി ചേര്‍ത്തുപിടിക്കുന്നുണ്ട്. പലരും ജീവിത വഴിയില്‍ വിജയം നേടുമ്പോള്‍ കൂടപ്പിറപ്പുകളേയും സുഹൃത്തുക്കളേയും നാട്ടുകാരേയും മറന്ന് അവനവനിസത്തിലേക്ക് ചുരുങ്ങുമ്പോള്‍ അതിനപവാദമാണ് നാട്യങ്ങളില്ലാത്ത ഈ മലപ്പുറത്തുകാരന്‍. മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് മൂസഹാജി ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിനൊരു റോള്‍മോഡലുമില്ല. സ്വയം കണ്ടെത്തിയ അറിവുകള്‍ സ്വാംശീകരിച്ച് അനുഭവങ്ങളുടെ മണ്ഡലത്തിലൂടെ വളര്‍ച്ചയുടെ പടവുകള്‍ വെട്ടികയറിയ ബിസിനസ് നക്ഷത്രം കൂടിയാണ് പോളണ്ട് മൂസഹാജി.

‘കേരളത്തിന്റെ വളര്‍ച്ച പ്രവാസികളുടെ സംഭാവന’

അരനൂറ്റാണ്ടുകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവാസ ലോകത്തിന്റെ ശക്തമായ പിന്തുണയാണെന്ന് മൂസഹാജി പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ തുടര്‍ന്നും പ്രവാസികള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ജീവിതാനുഭവവവും വ്യാപാര-വാണിജ്യ-സാങ്കേതിക അറിവുകളും സമ്മേളിച്ചവനാണ് പ്രവാസി. അതുകൊണ്ടുതന്നെ പ്രവാസികളുടെ കര്‍മശേഷി നാടിന് അനുഗുണമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതുവഴി കേരളത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധിക്കും.
നാടിന്റെ വികസനത്തില്‍ തന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാനദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. ആഗോള മാര്‍ക്കറ്റില്‍ അജയ്യനായി നിലകൊള്ളുമ്പോഴും നാടിനേയും നാട്ടുകാരേയും ചേര്‍ത്തുപിടിക്കാനുള്ള കരുത്തും നല്ല മനസ്സുമുള്ള ഉന്നത വ്യക്തിത്വമാണ് പോളണ്ട് മൂസഹാജി.

Share

Leave a Reply

Your email address will not be published. Required fields are marked *