തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരാന്‍ കാരണം മഴയുടെ പുതിയ പാറ്റേണാണെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഴയുള്ള സമയത്ത് കേരളത്തിലെ റോഡുകളില്‍ പാച്ച് വര്‍ക്ക് നടത്തുന്നത് പ്രയാസകരമായ പ്രവൃത്തിയാണ്. ഇപ്പോള്‍ പുതിയൊരു പാറ്റേണിലാണ് മഴ പെയ്യുന്നത്. ചെറിയ സമയത്തിനുള്ളില്‍ തീവ്രമായ മഴ ലഭിക്കുന്ന തരത്തിലാണ് കാലാവസ്ഥ. പല ഡ്രെയിനേജുകളുടേയും കപ്പാസിറ്റിയെക്കാള്‍ മുകളിലാണ് മഴ ലഭിക്കുന്നത്്. വെള്ളമിറങ്ങിപോകാന്‍ സാവകാശം കുറവായതിനാല്‍ റോഡിനെ അത് ബാധിക്കും.
കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് നിര്‍മാണ രീതിയും അറ്റകുറ്റ പണിയും നടത്താന്‍ സാധ്യമാകുന്ന പുതിയ രീതികള്‍ ആവിഷ്‌കരിക്കും. തെറ്റായ പ്രവണതകള്‍ക്കേതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി സമ്മതിച്ചു. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഃഖമുണ്ട്. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.