കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ തോക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. അഞ്ച് തോക്കുകളാണ് കസ്റ്റഡിയിലെടുത്തത്. തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. തോക്കുകള്‍ കസ്റ്റഡിയിലെടുക്കുന്നതിന് നാവിക സേന സമ്മതമറിയിച്ചതോടെയാണ് പോലിസ് സ്ഥലത്തെത്തി നടപടി പൂര്‍ത്തിയാക്കിയത്. നാവിക സേനയുടെ തോക്കില്‍ നിന്നാണോ വെടിയേറ്റതെന്നാണ് പരിശോധിക്കുന്നത്. മട്ടാഞ്ചേരി എ.എസ്.പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂര്‍ത്തിയാക്കിയത്.
ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തില്‍ വ്യക്തത ലഭിക്കാനാണ് നീക്കം. വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവിക സേനയില്‍ പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ നാവിക സേന തയ്യാറായിരുന്നില്ല. നേവിയെ കേന്ദ്രീകരിച്ചുതന്നെയാണ് നിലവില്‍ പോലിസ് അന്വേഷണം. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുള്ള ഇന്‍സാസ് റൈഫിളുകളിലെ ബുള്ളറ്റാണ് ബോട്ടില്‍ നിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയും പോലിസിനെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ ബുള്ളറ്റ് കണ്ടെത്തിയ ബോട്ടിന്റെ സംഭവദിവസത്തെ ജി.പി.എസ് വിവരങ്ങള്‍ നാവികസേന പോലിസിനോട് തേടിയിട്ടുണ്ട്. കടല്‍ഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണിത്.
എന്നാല്‍, ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ പരിശീലനം നടത്തുമ്പോള്‍ ബുള്ളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നരകിലോമീറ്റര്‍ അകലേക്ക് ചെല്ലില്ലെന്നാണ് സേനയുടെ നിലവിലെ അവലോകനം. മാത്രവുമല്ല ഇന്‍സാസ് പോലുള്ള റൈഫിളുകള്‍ ഉപയോഗിച്ച് നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത്. ബുള്ളറ്റുകള്‍ ഇവിടെയുള്ള ഭിത്തിയില്‍ തട്ടിത്തെറിക്കും വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ നാവിക സേനാ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള വെടിയേറ്റല്ല മത്സ്യത്തൊഴിലാളിക്ക് പരുക്കേറ്റതെന്നാണ് ഇവര്‍ പോലിസിനെ അറിയിച്ചിരിക്കുന്നത്.