കോര്‍പറേഷനിലെ അനധികൃത കെട്ടിട നമ്പര്‍ കേസ്: യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും

കോര്‍പറേഷനിലെ അനധികൃത കെട്ടിട നമ്പര്‍ കേസ്: യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കും

കോഴിക്കോട്: അന്വേഷണ ഏജന്‍സിയെ തടസ്സപെടുത്തിയും കോര്‍പറേഷന്‍ ഓഫിസിലെ ടൗണ്‍പ്ലാനിങ്-റവന്യൂ ഉദ്യോഗസ്ഥന്മാരെ സമ്മര്‍ദത്തിലാക്കിയും അനധികൃത കെട്ടിട നമ്പര്‍ കേസ് കോര്‍പറേഷന്‍ ഭരണസമിതിയും മാഫിയകളും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി ശോഭിതയും ഡെപ്യൂട്ടി ലീഡര്‍ കെ.മൊയ്തീന്‍കോയയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 18ന് പുറത്തുവന്ന കേസുകളില്‍ ഒന്നില്‍ മാത്രമാണ് പ്രതികളെ കണ്ടെത്തിയതും കേസെടുത്തതും. മറ്റ് കേസുകളില്‍ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല. ലോക്കല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവേ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് ദുരൂഹമാണ്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ഉടനെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ സ്ഥലംമാറ്റി.

ഒന്നരമാസമായിട്ടും പകരം നിശ്ചയിച്ച ഉദ്യോഗസ്ഥന്‍ ചുമതല ഏല്‍ക്കാതെ അന്വേഷണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് സഹായകരമായ സാഹചര്യമൊരുക്കിയത് സര്‍ക്കാര്‍/ കോര്‍പറേഷന്‍ അഭിഭാഷകരുടെ സമീപനമാണെന്ന് സംശയിക്കുന്നതായി അവര്‍ കുറ്റപ്പെടുത്തി. തുടക്കത്തില്‍ 362 കേസുണ്ടെന്നാണ് വ്യക്തമാക്കിയത്, പിന്നീട് 38 കേസായി മാറി. ഇപ്പോള്‍ എട്ട് കേസുകളാണുള്ളതെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കള്ളകളികള്‍ വെളിച്ചത് കൊണ്ടുവരികയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നവര്‍ ആവശ്യപ്പെട്ടു.

അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കൗണ്‍സില്‍ പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ട്. 17ന് രാവിലെ 10 മണിക്ക് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും. കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കറും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *