ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച കാങ്ഡിങ് നഗരത്തിന് 43 കി.മീറ്റര്‍ തെക്ക് കിഴക്കായി 10 കി.മീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എസ്ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സി.സി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 10,000ത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ ലൈനുകള്‍ തകരാറിലായി. കൂടാതെ സമീപ പ്രദേശങ്ങളിലും നിരവധി തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഭൂകമ്പത്തിന് ഒരു മണിക്കൂറിനുള്ളില്‍ കിഴക്കന്‍ ടിബറ്റില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരെ ഭൂകമ്പം നടന്ന പ്രദേശങ്ങളിലേക്ക് അയച്ചതായി സി.സി.ടി.വി റിപ്പോര്‍ട്ട്‌ചെയ്തു. കൂടാതെ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ ആയിരത്തിലധികം സൈനികരെയും വിന്യസിച്ചതായി സിചുവാന്‍ സീസ്‌മോളജിക്കല്‍ അതോറിറ്റി അറിയിച്ചു.