ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; കൊല്ലത്ത് 11 ശ്രീലങ്കക്കാര്‍ പിടിയില്‍

ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; കൊല്ലത്ത് 11 ശ്രീലങ്കക്കാര്‍ പിടിയില്‍

കൊല്ലം: ആസ്‌ത്രേലിയയിലേക്ക് കൊല്ലത്ത് നിന്നും അനധികൃതമായി കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കക്കാര്‍ പിടിയില്‍. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ആഗസ്റ്റ് മാസം 19ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പോലിസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.

പിടിയിലായവരില്‍ രണ്ട് പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാംപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നയാളാണ് ഇവരുടെ ഏജന്റ എന്നാണ് വിവരം. കേരളത്തിലെത്തി തന്റെ മറ്റൊരു ഏജന്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.

അതേസമയം ഇപ്പോള്‍ പിടിയിലായ പതിനൊന്ന് പേര്‍ മാത്രമായിരിക്കില്ല ബോട്ടില്‍ കടക്കാന്‍ പദ്ധതിയിട്ടത് എന്നാണ് പോലിസിന്റേയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റേയും നിഗമനം. വലിയ ബോട്ടില്‍ വന്‍സംഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ആസ്‌ത്രേലിയയിലേക്ക് പോകാറുള്ളത്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ കൊല്ലത്തേക്ക് വന്നു കൊണ്ടിരിക്കുകയോ അടുത്ത നിര്‍ദേശം കാത്ത് സമീപജില്ലകളില്‍ തമ്പടിക്കുകയോ ആയിരിക്കാം എന്നാണ് പോലിസ് കരുതുന്നത്. കേരളത്തിലെ ഇവര്‍ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം കിട്ടിയ ഏജന്റ് കൊല്ലത്തുള്ള ആളാണെന്ന സൂചനയും പോലിസിന് ലഭിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *