കോഴിക്കോട്: സൗകര്യപ്രദമായ ഭൂമി ലഭ്യമായാല്‍ കോഴിക്കോട് ഒരു മാള്‍ കൂടി നിര്‍മിക്കുമെന്നും നിലവിലുള്ള ഹൈലൈറ്റ് മാളില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ കൂടി ആരംഭിക്കുമെന്ന് ഹൈലൈറ്റ് ചെയര്മാന് പി. സുലൈമാന്‍ പറഞ്ഞു. കാലിക്കറ്റ് ചേംബറിന്റെ യുവജന വിഭാഗമായ യംഗ്
ചേംബര്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യമാളായ ഫോക്കസ്മാള് കോഴിക്കോട് സ്ഥാപിക്കാനായതില്‍ അതിയായ സന്തോഷമുണ്ട് മുന്‍കാലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമങ്ങളുടെ തടസ്സങ്ങളുണ്ടായിരുന്നു. ഇന്നത് മാറിയിട്ടുണ്ടെങ്കിലും ചില പ്രശ്നങ്ങള്‍ ബാക്കിയുണ്ട്. ഇത് പരിഹരിക്കാന്‍ കാലിക്കറ്റ് ചേംബര്‍ മുന്കൈയ്യെടുക്കണമെന്നദ്ദേഹം അഭ്യര്‍ഥിച്ചു.
ഹൈലൈറ്റ് മാള്‍ തുടങ്ങിയ ഘട്ടത്തില്‍ വൈദ്യുതി കണക്ഷന്റെ വിഷയമുണ്ടായപ്പോള്‍ ഒരു വര്‍ഷം ജനറേറ്ററിലാണ് സ്ഥാപനം മുന്നോട്ടു പോയത്. പലാക്സി എന്ന പേരില്‍ മാളുകളില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ സജ്ജമാക്കും. ഹൈലൈറ്റ് മാള്‍ 65 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 100 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ 80 ലക്ഷം സ്ക്വയര്‍ ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബൈപ്പാസില്‍ മെട്രോമാക്സ് തുടങ്ങിയപ്പോള്‍ ഓട്ടോറിക്ഷ പോലും പോകാത്ത ഇടമായിരുന്നു. ഇന്നവിടെ ജനനിബിഡവും എല്ലാ സൗകര്യവുമുള്ള സ്ഥലമായി വളര്‍ന്ന് കഴിഞ്ഞിട്ടുണ്ട്. കോര്‍പറേഷനേക്കാള്‍ നിയമങ്ങളുടെ ലഘൂകരണം പഞ്ചായത്തുകളിലാണ്. പ്രതിദിനം 30,000 പേരാണ് ഹൈലൈറ്റ് മാള്‍ സന്ദര്‍ശിക്കുന്നത്.
നാഷണല്‍ ഹൈവേയുടെ വികസനം ഹൈലൈറ്റ് മാളിനെ ബാധിക്കില്ല. എല്ലാ വീടുകളിലേക്കും കാര്‍ ഡ്രൈവ് ചെയ്ത് വീടിന്റെ മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ബില്ഡിങ്ങിനുള്ളിലൂടെ ഒന്നര കിലോമീറ്റര്‍ കാറോടിച്ച് പോകുന്ന പ്രോജക്ടാണ് ഡ്രീം പ്രോജക്ട്. കോഴിക്കോട്ടെത്തിയാല്‍ ടൂറിസ്റ്റുകള്‍ക്ക് സമയം ചിലവഴിക്കാന്‍ അവസരമുണ്ടാകണം. നഗരത്തില്‍ കണ്വെന്ഷന് സെന്ററിന്റെ അഭാവമുണ്ട്. ഹൈലൈറ്റ് മാളില്‍ 1000ത്തോളം ജീവനക്കാരും, 25,000ത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നുണ്ട്. ആറായിരത്തോളം നിക്ഷേപകരാണ ഗ്രൂപ്പിലുള്ളത്.
2023 മാര്‍ച്ചില്‍ തൃശൂരില്‍ മാള്‍ ഉദ്ഘാടനം ചെയ്യും. ബിസിനസില്‍ 40 ശതമാനം വിജയിച്ചാല്‍ വിജയമെന്നും 80,90 ശതമാനം വിജയിച്ചാല്‍ ഉന്നതിയിലെത്തിയെന്നുമാണര്ഥം. 100 ശതമാനം വിജയം ഒരിക്കലുമുണ്ടാകില്ല. 24ാം വയസില്‍ സിവില്‍ എന്‍ജിനീയറായാണ് ഫീല്‍ഡിലെത്തുന്നത്. സൗദി അറേബ്യയില്‍ നാല് വര്‍ഷം ചിലവഴിച്ച പ്രവാസ ജീവിതം വലിയ അനുഭവങ്ങളാണ് നല്‍കിയത്. നാടിന്റെ വികസനത്തിനായി ഇനിയും പ്രോജക്ടുകള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റഫി പി.ദേവസി അധ്യക്ഷത വഹിച്ചു. ചേംബര്‍ ഹോ. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി യംഗ് ചേമ്പര്‍ ചെയര്മാന് അര്‍ഷദ് ആദിരാജ, ഡോ.കെ.മൊയ്തു, എം.മുസമ്മില്‍, സുബൈര്‍ കൊളക്കാടന്‍, ട്രഷറര്‍ ബോബി കുന്നത്ത് സംസാരിച്ചു. പ്രശാന്ത് മലയില്‍ നന്ദി പറഞ്ഞു.