മാഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാഹി നെഹ്റു യുവകേന്ദ്ര യുവ ഉത്സവ് സംഘടിപ്പിക്കുന്നു. യുവജന കണ്വെന്ഷന്, യുവ സംവാദ്, കലാമേള, പ്രസംഗ മത്സരം, ഫോട്ടോഗ്രഫി, ചിത്രരചന, കവിതാ രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടത്തുക. ഈമാസം അവസാന വാരം മാഹിയില്‍ വച്ച് നടക്കുന്ന മത്സര വിജയികള്‍ക്ക് സംസ്ഥാന-ദേശീയതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. കലാമേളയുടെ ഭാഗമായി യൂത്ത് ക്ലബുകള്‍/ സ്കൂളുകള്‍ എന്നിവയ്ക്ക് കോല്‍ക്കളി, പൂരക്കളി, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ട്, ഒപ്പന, അറബന മുട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, കളരി, നാടകം എന്നിവയില്‍ പ്രത്യേകം മത്സരവും ഉണ്ടാകും.
കലാമേളയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. 15നും 29നും മധ്യേ പ്രായമുള്ള മാഹി സ്വദേശികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഒരു മത്സരാര്‍ഥിക്ക് ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല. ഫോട്ടോഗ്രഫി, ചിത്രരചന, കവിതാ രചന മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 1000, 750, 500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പ്രസംഗ മത്സര വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 5000, 2000,1000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. യുവജന കണ്വെന്ഷന്, യുവ സംവാദ് പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാല് പേര്‍ക്ക് 1000 രൂപ വീതം സമ്മാനമായി ലഭിക്കുന്നതാണ്. കലാമേള വിജയികള്‍ക്ക് സമ്മാനത്തുകയായി യഥാക്രമം 5000, 2500,1500 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് മാഹി നെഹ്റു യുവകേന്ദ്ര ഓഫിസുമായി ബന്ധപ്പെടുക: 0490-2334322,9400290803.