ചാലക്കര പുരുഷു
തലശ്ശേരി: കേരളത്തിന് മുഖ്യമന്ത്രിയായി ഇ.കെ നായനാരേയും ആഭ്യന്തര മന്ത്രിയായി കോടിയേരി ബാലകൃഷ്ണനേയും സംഭാവന ചെയ്ത തലശ്ശേരിയുടെ ചുവന്ന മണ്ണില്‍ നിന്നും പിന്‍ മുറക്കാരനായി സഭാ നായകപദവിയിലേക്ക് അപ്രതീക്ഷിതമായി അഡ്വ. എ.എന്‍.ഷംസീര്‍ എം.എല്‍.എയും എത്തിയിരിക്കുന്നു. മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ, ഒഴിവിലേക്ക് കണ്ണൂര്‍ ജില്ലക്കാരനായ എ.എം ഷംസീറിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഷംസീര്‍ മന്ത്രി പദത്തിലുണ്ടാകുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു തന്നെ ശക്തമായ അഭ്യൂഹമുണ്ടായിരുന്നു. പിണറായിയുടേയും, കോടിയേരിയുടേയും മാനസപുത്രനായി അറിയപ്പെട്ടിരുന്ന ഷംസീര്‍ രണ്ടാം പിണറായി മന്ത്രിസഭയിലുണ്ടാവുമെന്ന് തലശ്ശേരിക്കാര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അപ്രതീക്ഷിതമായി മുഹമ്മദ് റിയാസിന്റെ സ്ഥാനാരോഹണമാണ് ഷംസീറിന് അന്ന് അവസരം നഷ്ടമാകാന്‍ ഇടയാക്കിയത്. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പകരക്കാരനാരെന്ന ചോദ്യം കുറച്ചുദിവസമായി ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എ.എന്‍ ഷംസീറിനെ സ്പീക്കറുടെ സ്ഥാനത്തേക്ക് പരിഗണിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നു. എം.വി ഗോവിന്ദന്‍മാസ്റ്റര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴും സ്പീക്കര്‍ സ്ഥാനത്തേക്ക് ഷംസീര്‍ വരുമെന്ന് ആരും കരുതിയിരുന്നില്ല’
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എം.എല്‍.എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍, എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം.ബി രാജേഷിനെയും പാര്‍ട്ടിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. നേരത്തെ എം.ബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തായാലും ഏറെ ഉത്തരവാദിത്വപ്പെട്ട സ്ഥാനമാണ് പാര്‍ട്ടി ഷംസീറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചെയര്‍മാന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പടിപടിയായി വളര്‍ന്ന ഈ ചെറുപ്പക്കാരന്‍, എല്‍.എല്‍.എം ബിരുദധാരിയാണ്. വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളിലും ടി.വി ചാനലുകളിലും പാര്‍ട്ടിയുടേയും, യുവജന സംഘടനയുടേയും മുഖമായി ഷംസീര്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തലശ്ശേരി സഹകരണ ആശുപത്രിയുടെ ചെയര്‍മാനായിരുന്ന ഷംസീര്‍, എം.എല്‍.എ എന്ന നിലയില്‍ തലശ്ശേരിയുടെ വികസനത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി തലശ്ശേരിയുടെ ടൂറിസം വികസന രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പൈതൃകനഗരത്തെ ഹാര്‍ബര്‍ ടൗണ്‍, പഴശ്ശി, ഫോക്‌ലോര്‍, കള്‍ച്ചറല്‍ സര്‍ക്യൂട്ടുകളായി തരംതിരിച്ച് 41 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മലബാര്‍ കേള്‍സര്‍ സെന്റര്‍ കെട്ടിട സമുച്ചയം (562 കോടി) കുണ്ടുചിറ പാലം (10 കോടി) തലശ്ശേരി-കൂത്തുപറമ്പ് കുടിവെള്ള പദ്ധതി (86 കോടി), ചമ്പാട് -കോപ്പാലം റോഡ് (10 കോടി) കൊടുവള്ളി മേല്‍പ്പാലം (265 കോടി) തുടങ്ങി മുനിസിപ്പല്‍ സ്റ്റേഡിയം പുനഃനിര്‍മ്മാണം, ഗുണ്ടര്‍ട്ട് ബംഗ്ലാവ് നവീകരണം വരെയുള്ള കോടികളുടെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. പാതി വഴിയിലുള്ള നിര്‍മാണങ്ങളും, കടല്‍പ്പാലം നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സ്ഥാനലബ്ധി ആക്കം കൂട്ടുമെന്ന പ്രതീക്ഷയിലാണ് തലശ്ശേരിക്കാര്‍. തലശ്ശേരി പാറാല്‍ ആമിനാസില്‍ റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ പരേതനായ കോമത്ത് ഉസ്മാനും എ.എന്‍ സെറീനയുമാണ് മാതാപിതാക്കള്‍. ഡോ. പി.എം. സഹലയാണ് ഭാര്യ. മകന്‍: ഇസാന്‍.