എന്‍.ഐ.ടി.സിയുടെ 18-ാമത് കോണ്‍വൊക്കേഷന്‍ നാളെ

എന്‍.ഐ.ടി.സിയുടെ 18-ാമത് കോണ്‍വൊക്കേഷന്‍ നാളെ

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (NITC) 18ാമത് കോണ്‍വൊക്കേഷന്‍ നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. 948 ബി.ടെക്, 42 ബി.ആര്‍ക്ക്, 433 എം.ടെക്, 12 എം. പ്ലാന്‍, 53 എം.സി.എ, 47 എം.ബി.എ, 61 എം.എസ്.സി, 91 പി.എച്ച്.ഡി എന്നിങ്ങനെ മൊത്തം 1687 ബിരുദധാരികള്‍ക്ക് ബിരുദം നല്‍കും. കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ഓണ്‍ലൈനായി കോണ്‍വൊക്കേഷന്‍ നടത്തും. NITC ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍പേഴ്സണ്‍ ഗജ്ജാല യോഗാനന്ദ് കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്മശ്രീ അവാര്‍ഡ് ജേതാവും മുന്‍ യു.ജി.സി ചെയര്‍മാനും ന്യൂഡല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജി മുന്‍ ഡയരക്ടറും ആയ ഡോ. വീരേന്ദര്‍ സിംഗ് ചൗഹാന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കും. NITC ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ കമാന്‍ഡര്‍ (ഡോ.) എം.എസ് ശാമസുന്ദര, ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ ബിരുദദാന ചടങ്ങ് നിര്‍വഹിക്കും.

60 വര്‍ഷത്തിലേറെ ചരിത്രമുള്ള NITC രാജ്യത്തെ ദേശീയ പ്രാധാന്യമുള്ള മികച്ച സാങ്കേതിക സ്ഥാപനങ്ങളിലൊന്നാണ്. നവീകരണത്തിലും സംരംഭകത്വ വികസനത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ ARIIA-2021 റാങ്കിങ്ങില്‍ NITC ദേശീയ തലത്തില്‍ ഒമ്പതാം റാങ്ക് നേടി പട്ടികയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള NIT ആയി. ഈ വര്‍ഷത്തെ ദേശീയതല NIRF റാങ്കിങ്ങില്‍, NITCയുടെ ആര്‍ക്കിടെക്ചര്‍ പ്രോഗ്രാം രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ റാങ്ക് നിലനിര്‍ത്തി. എന്‍ജിനീയറിങ് സ്ട്രീമില്‍ NITC കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള സ്‌കോര്‍ മെച്ചപ്പെടുത്തി അഖിലേന്ത്യാ പട്ടികയില്‍ 31-ാം സ്ഥാനം നേടി. സംസ്ഥാനത്ത് കൊവിഡിന്റെ ഒന്നിലധികം തരംഗങ്ങളില്‍ ലബോറട്ടറി സൗകര്യങ്ങള്‍ അടച്ചിടേണ്ടിവന്നെങ്കിലും ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരവും എണ്ണവും നിമിത്തം ഗവേഷണ സ്‌കോര്‍ അഞ്ച് ശതമാനം മെച്ചപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ടിന് അതിന്റെ അഭിപ്രായ (perception) സ്‌കോര്‍ മെച്ചപ്പെടുത്താനും സാധിച്ചു. മാനേജ്മെന്റ് സ്ട്രീമിനായുള്ള NIRF റാങ്കിങ്ങില്‍ ആദ്യമായി പങ്കെടുത്ത NITC 84ാം സ്ഥാനം നേടി.കഴിഞ്ഞ വര്‍ഷം NITC ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാര്‍ഥികളും 14 പേറ്റന്റുകള്‍ ഫയല്‍ ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ ഫയല്‍ ചെയ്ത അഞ്ച് പേറ്റന്റുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.

കാമ്പസില്‍ 11 പുതിയ മള്‍ട്ടി ഡിസിപ്ലിനറി സെന്ററുകള്‍ അടുത്തിടെ സ്ഥാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സിസ്റ്റം എന്ന ഇ.ആര്‍.പി സോഫ്റ്റ്വെയര്‍, ഗ്രീന്‍ ആംഫിതിയേറ്റര്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (കീഠ) ലാബ് എന്നിങ്ങനെ നിരവധി പുതിയ ഉദ്യമങ്ങള്‍നിലവില്‍ വന്നു. ഇവയില്‍ പലതും പൂര്‍വ വിദ്യാര്‍ഥികളുടെ സാമ്പത്തിക പിന്തുണയോടെയാണ് സ്ഥാപിതമായത്. ലാബിറിന്ത് ഉദ്യാനത്തിനും അന്താരാഷ്ട്ര ഹാള്‍ ഓഫ് റെസിഡന്‍സിനും തറക്കല്ലിട്ടു. പ്രാദേശിക സമൂഹത്തിനും സംരംഭകര്‍ക്കും നൂതനാശയക്കാര്‍ക്കുംവേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് നിരവധി ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.

ഈ വര്‍ഷം NITCയിലെ പ്ലേസ്മെന്റുകളുടെ എണ്ണം ആദ്യമായി 1000 കടന്നു. കഴിഞ്ഞ വര്‍ഷത്തെ 714 തൊഴില്‍ ഓഫറുകളെ അപേക്ഷിച്ച് 2021-22 പ്ലെയ്സ്മെന്റ് ഡ്രൈവില്‍ 1140 വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റുകള്‍ ലഭിച്ചു. 200-ഓളം കമ്പനികള്‍ കാമ്പസ് സന്ദര്‍ശിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ നിന്നുള്ള നാലു വിദ്യാര്‍ഥികള്‍ക്ക് Traceable AI എന്ന സ്ഥാപനം നല്‍കിയ 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം. ശരാശരി വാര്‍ഷിക ശമ്പളം 12 ലക്ഷം രൂപയാണ്. 309 പ്രീ-ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ പ്രതിമാസം ഒരുലക്ഷം വരെ ആകര്‍ഷകമായ സ്‌റ്റൈപ്പന്‍ഡുകള്‍ നേടി ഈ വര്‍ഷം വ്യാവസായിക ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സതീദേവി പി.എസ്-ഡെപ്യൂട്ടി ഡയരക്ടര്‍ , പ്രൊഫ.സമീര്‍ എസ്.എം- ഡീന്‍ (അക്കാദമിക്) , പ്രൊഫ. അബ്ദുല്‍ നസീര്‍ കെ. എ-ചെയര്‍മാന്‍ (മീഡിയ സെല്‍) എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *