കോഴിക്കോട്: കലയ്ക്കും സാഹിത്യത്തിനും മാത്രമാണ് മനസിനെ ഏകീകരിക്കാന്‍ കഴിയുകയെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ബേപ്പൂര്‍ ടി.കെ മുരളീധരന്‍ പണിക്കര്‍ എഴുതിയ രണ്ട് നോവലുകളുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയ ചിന്തകളില്‍ കലുഷിതമാകുന്ന സാഹചര്യങ്ങളെ പോലും ഇല്ലാതാക്കാന്‍ സാഹിത്യകാരന്മാര്‍ക്ക് കഴിയും. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അപ്പുറം ഇന്ത്യയില്‍ ജനങ്ങളാണ് സുപ്രീം. ഭരണഘടനയുടെ പവിത്രതയെക്കുറിച്ച് ശ്രീധരന്‍പിള്ള ഓര്‍മ്മപ്പെടുത്തി. എം.ടിയോട് എന്തിന് എഴുതുന്നുവെന്ന് ചോദിച്ചതിന് എഴുതാതിരിക്കാനാകില്ലന്ന് പറഞ്ഞത് പോലെ, മുരളീധര പണിക്കരുടേയും മറുപടി സമാനമായിരിക്കുമെന്ന് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
‘കടലാഴം’ നോവല്‍ ഡോ.എം.പി പദ്മനാഭനും ‘ഹൃദയത്തില്‍ വീണ ചിലങ്ക’ പി.ആര്‍ നാഥനും ഏറ്റുവാങ്ങി. റെറ്റിന മീഡിയ ലോഞ്ചിങ് പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. എം.എ ഷഹനാസ് അധ്യക്ഷത വഹിച്ചു. പി.കെ പാറക്കടവ് പുസ്തക പരിചയം നടത്തി. അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍, വിനോദ് കുമാര്‍, അഭിലാഷ് പിള്ള, റഹീം പൂവാട്ട് പറമ്പ്, അനീസ് ബഷീര്‍, ഗെനിയ മെഹര്‍, സണ്ണി എന്നിവര്‍ സംസാരിച്ചു. മുരളീ ബേപ്പൂര്‍ സ്വാഗതവും ശബാന മാക്ബത്ത് നന്ദിയും പറഞ്ഞു.