തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും വലിയ മാഫിയ സംഘമായി ക്വാറി വ്യവസായികള്‍ മാറിയിരിക്കുന്നുവെന്നും ഉന്നതതല ബന്ധവും സ്വന്തമായ ചാരവലയവുമുള്ള ഈ മാഫിയ കേരളത്തെ നശിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. നിയമപരമായ അനുമതികള്‍ ഉള്ള ക്വാറികള്‍ പോലും ലൈസന്‍സില്‍ പറഞ്ഞതിന്റെ പലമടങ്ങ് വിസ്തൃതിയിലും ആഴത്തിലും ആണ് ഖനനം നടത്തുന്നത്. സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം പോലും ലഭിക്കുന്നില്ല .എല്ലാ സംവിധാനങ്ങളേയും ഈ നിയമവിരുദ്ധ സംഘം വരുതിയിലാക്കുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദൂരപരിധി നിയന്ത്രണങ്ങള്‍ അടക്കം എടുത്തു കളഞ്ഞ് കടുത്ത പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അടക്കമുള്ള പദ്ധതികള്‍ പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗ്രീന്‍ കേരള മൂവ്‌മെന്റ് സെക്രട്ടറിയേറ്റിനു മുന്നില്‍ ക്വാറി മാഫിയയില്‍ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തി നടത്തിയ ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജോണ്‍ പെരുവന്താനം അധ്യക്ഷത വഹിച്ചു. എന്‍ സുബ്രഹ്മണ്യന്‍ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. ജോണ്‍ ജോസഫ്, പ്രൊഫസര്‍ കുസുമം ജോസഫ്, എം.ഷാജര്‍ ഖാന്‍, ഇ.പി അനില്‍, പി.കെ വേണുഗോപാല്‍, വര്‍ഗീസ് വട്ടേക്കാട്, ഇ.കെ ശ്രീനിവാസന്‍, കെ.എം സുലൈമാന്‍ , അഡ്വ. ജിജാ ജയിംസ് , അഡ്വ. ടി.വി രാജേന്ദ്രന്‍, കാട്ടായിക്കോണം ശശിധരന്‍, സി.രാജഗോപാലന്‍, ഹുസൈന്‍ തട്ടത്താഴത്ത്, മനോജ് സാരംഗ്, പി.വൈ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.