- നഗരത്തില്‍ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയില്‍. നെടുമ്പാശ്ശേരിയില്‍ വൈകീട്ട് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.
വൈകിട്ട് 4.25 നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി 4.30ന് അവിടെ ബി.ജെ.പി പൊതുയോഗത്തില്‍ പങ്കെടുത്തും. തുടര്‍ന്ന് കാലടി ശൃംഗേരി മഠം സന്ദര്‍ശിക്കും. വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി മെട്രോ പേട്ട എസ്.എന്‍ ജങ്ഷന്‍ പാത, ഇന്‍ഫോ പാര്‍ക്ക്, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴോടെ റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബി.ജെ.പി കോര്‍കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും. നാളെ രാവിലെ 9.30ന് ആണ് കൊച്ചി ഷിപ്പ് യാര്‍ഡില്‍ ഐ.എന്‍.എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടര്‍ന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചിയുടെ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നര മുതല്‍ രാത്രി എട്ടുവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം അനുവദിക്കില്ല. അത്താണി എയര്‍പോര്‍ട്ട് ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ ജംഗ്ഷന്‍ വരെയാണ് നിയന്ത്രണം.