ഇരിങ്ങല്‍: വടകരക്കാരുടെ മുറ്റങ്ങളില്‍ അത്തപ്പൂക്കളം ഒരുക്കാന്‍ ഇഷ്ടികക്കളത്തില്‍ ഇരിങ്ങലിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഹോളോ ബ്രിക്‌സ് ഫാക്ടറിയിലെ തൊഴിലാളിള്‍ ഓണപ്പൂ വിരിയിച്ചു. ചെണ്ടുമല്ലിപ്പൂക്കളാണ് ഓണം മുന്നില്‍ക്കണ്ട് കൃഷി ചെയ്തത്. ഇതിന്റെ വിളവെടുപ്പ് ആരംഭിച്ചു. ആഫ്രിക്കന്‍ മെരിഗോള്‍ഡിലെ കടുത്ത ഓറഞ്ച്, ഇളം മഞ്ഞ നിറങ്ങളിലുള്ള പൂക്കളാണ് ഇക്കുറി വിരിയിച്ചത്. കിലോയ്ക്ക് നൂറുരൂപ നിരക്കിലാണ് വില്‍പന.
ഇവിടെയുള്ള എട്ടര ഏക്കറില്‍ സൊസൈറ്റി പലതരം കൃഷികള്‍ ചെയ്യുന്നുണ്ട്. മാവ്, പച്ചക്കറി, വാഴ എല്ലാം സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്ന വളപ്പില്‍ പഴവര്‍ഗങ്ങളും കൃഷി ചെയ്യാന്‍ തൊഴിലാളികള്‍ ആലോചിക്കുകയാണെന്ന് ഊരാളുങ്കല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് വി.കെ അനന്തന്‍ പറഞ്ഞു.
40 സെന്റിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. കീടനാശിനി തളിക്കാതെയും പ്രത്യേകജൈവവളം പ്രയോഗിച്ചുമൊക്കെയായിരുന്നു കൃഷി. ഒരേക്കറിന് രണ്ടുലക്ഷം രൂപ നിരക്കിലാണു കൃഷിച്ചെലവ്. അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനും വാടാമല്ലിയും മറ്റു ചില ഇനം പൂക്കളുംകൂടി കൃഷിയിറക്കാനും ആലോചനയുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കൃഷിയുദ്യോഗസ്ഥനായ കെ.പി.കെ ചോയിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു കൃഷി. സമൂഹമാധ്യമങ്ങളിലൂടെ വിളവെടുപ്പ് അറിഞ്ഞ് ഇരിങ്ങലിലും പരിസരത്തുമുള്ള ധാരാളംപേര്‍ പൂക്കള്‍ വാങ്ങാനെത്തി. കൊവിഡ്ക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നപ്പോള്‍ ഇരിങ്ങലിലെ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലടക്കം തൊഴിലാളികള്‍ കൃഷിചെയ്തു വരുമാനം സൃഷ്ടിച്ചത് വാര്‍ത്തയായിരുന്നു.