തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആശങ്ക വിട്ടൊഴിയുന്നില്ല. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടെ ആറ് ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുരസാഗര്‍, ഇടമലയാര്‍, കക്കി, ഷോളയാര്‍, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ ഉള്‍പ്പെടെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ടുമാണ്.
കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം, കോട്ടയം,ആലപ്പുഴ ജില്ലകളില്‍ പെയ്തുകൊംണ്ടിരിക്കുന്ന മഴക്ക് ശമനമുണ്ടായിട്ടില്ല.
കഴിഞ്ഞ 12 മണിക്കൂറിനിടെ കുമരകത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റര്‍. റെഡ് അലര്‍ട്ടിന് സമാനമായ മഴയാണ് ഇത്. കോട്ടയത്ത് 155 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശബരിമല വനത്തിലെ ഉരുള്‍പൊട്ടല്‍ കാരണം പമ്പയില്‍ ജലനിരപ്പ് കൂടി. കക്കാട്ടാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളില്‍ വെള്ളം കയറി. എറണാകുളത്ത് കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. എറണാകുളവും നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരവും വെള്ളത്തിലായി. എം.ജി റോഡ്, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം.