തലശ്ശേരി: നഗരസഭാ അധികൃതരുടെ അടച്ചുപൂട്ടലും, തുടര്‍ന്ന് ഉടമകളുടെ തിരോധാനവും കൊണ്ട് വിവാദത്തിലായ എരഞ്ഞോളി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ നഗരസഭ അടപ്പിച്ച ഫര്‍ണിച്ചര്‍ യൂണിറ്റ് ഇന്നലെ തുറന്നു. രാവിലെ പത്തുമണിയോടെ എത്തിയ നഗരസഭ റവന്യൂ ഉദ്യോഗസ്ഥര്‍ ഉടമകള്‍ക്ക് താക്കോല്‍ കൈമാറിയതോടെയാണ് കഴിഞ്ഞ 34 ദിവസങ്ങളായി പൂട്ടിക്കിടക്കുന്ന സ്ഥാപനം തുറക്കാനായത്. വ്യവസായ സ്ഥാപനം തുടര്‍ന്ന് നടത്താന്‍ എല്ലാസഹായവും ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. ഏറെ മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് സ്ഥലം കൈയ്യേറിയെന്ന കാരണം ചൂണ്ടിക്കാട്ടി നഗരസഭ ഇവര്‍ക്ക് ഒരു വര്‍ഷം മുമ്പ് 4 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ അടക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനം അടപ്പിക്കുകയും ചെയ്തു.
ഇതിനെതിരേ ഉടമകളായ താഴെ ചമ്പാട്ടെ ശ്രീദിവ്യയും (48) ഭര്‍ത്താവ് രാജ് കബീറും (58) ഹൈക്കോടതിയെ സമീപിച്ചു. പിഴ സംഖ്യ 40,000 രൂപയാക്കി കുറച്ചു നല്‍കിയ കോടതി, തുക ഗഡുക്കളായി അടക്കാനും അനുമതി നല്‍കി. എന്നിട്ടും നഗരസഭ നിഷേധാത്മക നിലപാട് സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെ തായാട്ട് രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിടുകയായിരുന്നു. ഇനി അന്വേഷിക്കേണ്ടതില്ല എന്നും മറ്റുമുള്ള സന്ദേശം നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തായിരുന്നു തിരോധാനം. ഇതോടെ വിഷയം മാധ്യമ ശ്രദ്ധയില്‍പ്പെട്ടു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ച പോലിസ് കോയമ്പത്തൂരില്‍ നിന്നും ഇരുവരെയും കണ്ടെത്തി കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കുകയായിരുന്നു. താക്കോല്‍ ഏറ്റു വാങ്ങിയ ദമ്പതികള്‍ സ്ഥാപനം തുടര്‍ന്ന് നടത്താന്‍ സന്നധമാണെന്നും മകന്‍ ദേവദത്തനെ ഉത്തരവാദിത്വം ഏല്‍പിച്ചുവെന്നും വ്യക്തമാക്കി.