ഗതാഗത പ്രശ്നം : ‘ഗ്രാമവണ്ടി’യുമായി ചാത്തമംഗലം പഞ്ചായത്ത്

ഗതാഗത പ്രശ്നം : ‘ഗ്രാമവണ്ടി’യുമായി ചാത്തമംഗലം പഞ്ചായത്ത്

ചാത്തമംഗലം: ഗ്രാമീണ പാതകളിലെ ഗതാഗത പ്രശ്നം പരിഹരിക്കാനുള്ള ‘ഗ്രാമവണ്ടി’ പദ്ധതി ചാത്തമംഗലം പഞ്ചായത്തില്‍ ആരംഭിക്കുന്നു. ഗ്രാമീണ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗ്രാമവണ്ടി. ജില്ലയില്‍ ആദ്യവും സംസ്ഥാനത്ത് മൂന്നാമതുമാണ് ഈ ഗ്രാമവണ്ടി. കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി ഗ്രാമത്തിന്റെ ഉള്‍പ്രദേശത്തും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും. പഞ്ചായത്തിലെ ആശുപത്രി, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഗ്രാമവണ്ടി സര്‍വീസ് നടത്തും.

ചാത്തമംഗലം, എന്‍.ഐ.ടി, നായര്‍ക്കുഴി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹോമിയോ ആശുപത്രി, കൂളിമാട്, എം.വി.ആര്‍ ആശുപത്രി, ചൂലൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, വെള്ളന്നൂര്‍ ആയുര്‍വേദ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകളായ ഓമശ്ശേരി, മാവൂര്‍, വാഴക്കാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളേയും ബസ് റൂട്ടില്‍ ഉള്‍പ്പെടുത്തിയതായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ ഓളിക്കല്‍ പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് ഗ്രാമപഞ്ചായത്ത് പരിസരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇന്ധന ചെലവ് എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, സുരക്ഷ, വാഹനത്തിന്റെ മെയിന്റനന്‍സ്, സ്പെയര്‍പാര്‍ട്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ചെലവുകള്‍ കെ.എസ്.ആര്‍.ടി.സി വഹിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *