തലശ്ശേരി: താഴെ ചമ്പാട് സ്വദേശിയും തലശ്ശേരി കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റായ ഫാന്‍സി ഫണ്‍ ഉടമയുമായ രാജ് കബീറിനേയും ഭാര്യ ദിവ്യയേയും കോയമ്പത്തൂരില്‍ കണ്ടെത്തിയതായി പോലിസിന് സൂചന ലഭിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ഇവരെ കാണാതായതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.57കാരനായ രാജ് കബീറും ഭാര്യ ദിവ്യയും രണ്ട് മക്കളും താഴെ ചമ്പാട് താമസിക്കുകയായിരുന്നു.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫായ നിലയിലാണ്. രാജ് കബീര്‍ ഉടമസ്ഥനായ ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തലശേരി നഗരസഭ നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. സ്ഥാപനം പൂട്ടിയിടേണ്ടി വന്നതോടെ പത്തോളം തൊഴിലാളികളും കുടുബവും ഒപ്പം ഉടമയായ താനും വരുമാന മാര്‍ഗം നിലച്ച് കഷ്ടപ്പെടുകയാണെന്ന് രാജ്കബീറിന്റേതായ വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. പലതവണ നഗരസഭ ചെയര്‍മാനേയും വൈസ് ചെയര്‍മാനേയും കണ്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ അനുകൂല നടപടിയുമുണ്ടായില്ല.
സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നിഷേധാത്മക നിലപാടാണ് ഉണ്ടായത്. ഇത്തരം നിലപാടുകളാല്‍ തങ്ങളാകെ തകര്‍ന്നെന്നും ഇനി രക്ഷയില്ലെന്നും തങ്ങള്‍ പോകുകയാണെന്നും പറയുന്ന സന്ദേശത്തില്‍ ഇവരുടെ കോള്‍ ലഭിച്ചപ്പോള്‍ പ്രതികരിച്ച വ്യവസായ വകുപ്പ് മന്ത്രി രാജീവിന് നന്ദിയും പറയുന്നുണ്ട്. പ്രശസ്ത ബാലസാഹിത്യകാരന്‍ പരേതനായ കെ. തായാട്ടിന്റെ മകനാണ് രാജ് കബീര്‍. പോലിസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.