തലശ്ശേരി: സാമ്രാജ്യത്വത്തിനെതിരേ നടന്ന ഐതിഹാസികമായ കാര്‍ഷിക പോരാട്ടങ്ങളും മണ്ണിനും മാനത്തിനും വേണ്ടി രാജ്യത്താകമാനം നടന്ന കര്‍ഷക മുന്നേറ്റങ്ങളുടെ വീരേതിഹാസങ്ങളായ ഏടുകളുടെ പ്രദര്‍ശനവും ചരിത്രകുതുകികള്‍ക്ക് അറിവും ഉണര്‍വുമായി. കേരള കര്‍ഷകസംഘം തലശ്ശേരി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പഴയ ബസ്സ് സ്റ്റാന്റില്‍ കര്‍ഷക ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. 1936 ലെ വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരവും സാന്താള്‍ കര്‍ഷകകലാപവും നീലംപണിമുടക്കും മദിരാശിയിലേക്ക് എ.കെ.ജി നയിച്ച പട്ടിണി ജാഥയും വര്‍ളിയിലെ ആദിവാസി സമരവും കയ്യൂര്‍ തൊട്ട് പുന്നപ്ര-വയലാര്‍ വരെയുള്ള ചോരകിനിയുന്ന പോരാട്ടമുഹൂര്‍ത്തങ്ങളും തൊട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ചലോ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു.
ഇന്ത്യന്‍ കര്‍ഷക ചരിത്രത്തില്‍ പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടിയ ദേശീയ നേതാക്കള്‍ക്കൊപ്പം, തലശ്ശേരി മേഖലയിലെ പ്രമുഖ കര്‍ഷക നേതാക്കളായ മൊയാരത്ത് ശങ്കരന്‍, വേണാടന്‍ കുമാരന്‍, കൊള്ളിയന്‍ രാഘവന്‍, പി.ശ്രീധരന്‍, പയ്യമ്പള്ളി നാരായണന്‍, കെ.പി.രവീന്ദ്രന്‍ തുടങ്ങിയ വരുടെ പടങ്ങളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം 27ന് സമാപിക്കും. നാളെ
സംഗമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സമിതി അംഗം കെ.സി.മനോജ് ഉദ്ഘാടനം ചെയ്യും. 27 ന് വൈകീട്ട് നാല് മണിക്ക് പുതിയ ബസ്സ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രകടനവും തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാന്‍ സഭ ജോ: സെക്രട്ടറി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക ക്വിസ്, കര്‍ഷക പ്രസ്ഥാന ചരിത്ര സംബന്ധിയായ പ്രഭാഷണം എന്നിവയും നടക്കും. 222 യൂണിറ്റുകളേയും, 13 വില്ലേജുകളയും പ്രതിനിധീകരിച്ച് 255 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.