സെപ്റ്റംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ 1084 ഓണച്ചന്തകള്‍

സെപ്റ്റംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കുടുംബശ്രീയുടെ 1084 ഓണച്ചന്തകള്‍

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണച്ചന്തകളുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണിത്. 1070 സി.ഡി.എസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെ സംസ്ഥാനത്ത് 1084 വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണം വിപണന മേളയുടെ തയ്യാറെടുപ്പുകള്‍, സംഘാടനം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഓണത്തോടനുബന്ധിച്ച് ജില്ലാമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സി.ഡി.എസ് തല വിപണന മേളകള്‍ക്കാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്. ഇതോടൊപ്പം ജില്ലാതല ഓണം വിപണന മേളകളും ഉണ്ടാകും. മൂന്നു മുതല്‍ അഞ്ചു ദിവസം വരെ ഓണച്ചന്തകള്‍ നടത്താനാണ് നിര്‍ദേശം. ഗ്രാമ സി.ഡി.എസുകള്‍ക്കൊപ്പം നഗര സി.ഡി.എസുകളും ഓണച്ചന്തകളുടെ സംഘാടനത്തില്‍ സജീവമാകും.

ഓണാഘോഷത്തിന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരുല്‍പന്നമെങ്കിലും വിപണന മേളകളില്‍ എത്തിച്ചു കൊണ്ട് സംരംഭകര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിന് ജില്ലാതലത്തില്‍ ഒരു ലക്ഷം രൂപയും നഗര സി.ഡി.എസ് തലത്തില്‍ 15,000 രൂപയും ഗ്രാമപഞ്ചായത്ത്തലത്തില്‍ 12,000 രൂപ വീതവും കുടുംബശ്രീ നല്‍കും.

ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ള എല്ലാ വ്യക്തിഗത-ഗ്രൂപ്പു സംരംഭകരുടെയും പൂര്‍ണ പങ്കാളിത്തവും ഓണച്ചന്തയില്‍ ഉറപ്പാക്കും. ഓരോ സി.ഡി.എസിലും നേടുന്ന വിറ്റുവരവ് രേഖപ്പെടുത്തുന്നതിന് പ്രത്യേക ബില്ലിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. മാര്‍ഗ നിര്‍ദേശ പ്രകാരം ഓണച്ചന്തകളുടെ ഫലപ്രദമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ മിഷനുകളുടെ തയ്യാറെടുപ്പ് യോഗങ്ങള്‍, സംഘാടക സമിതി രൂപീകരണം, സംരംഭക യോഗങ്ങള്‍ എന്നിവയും ഉടന്‍ പൂര്‍ത്തീകരിക്കും. കൂടാതെ ജില്ലകളില്‍ സപ്ലൈക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *