കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുകളുണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. നടി മഞ്ജുവാര്യരുടേയും ഡി.ജി.പി ബി.സന്ധ്യയുടേയും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഷോണ്‍ ജോര്‍ജ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കോടതിയില്‍ വരുത്തി തീര്‍ക്കുന്നതിന് ഷോണാണ് ഇത്തരത്തില്‍ വ്യാജപ്രൊഫൈലുകളുള്ള വാട്സാപ്പ് ഗ്രൂപ്പ് നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ദിലീപുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നയച്ചിട്ടുള്ള സന്ദേശങ്ങളെ കുറിച്ചാണ് അന്വേഷണം. കൃത്രിമ സ്ക്രീന്‍ ഷോട്ടുകള്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ വേണ്ടിയാണ് റെയ്ഡ്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.